ജമ്മു: ദല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടായ സ്ഫോടനത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന വാസിം അഹമ്മദ് എന്ന വൈദ്യവിദ്യാര്ത്ഥിയുടെ ജമ്മുവിലെയും കിഷ്ഠ്വറിലുമുള്ള വസതികളില്‍നിന്ന് മൂന്ന് മൊബെയില്‍ ഫോണുകള്‍ ദേശീയ അന്വഷണ ഏജന്‍സി പിടിച്ചെടുത്തു. ബംഗ്ലാദേശില്‍ യുനാനി വൈദ്യവിദ്യാര്ത്ഥിയാണ് അഹമ്മദ്. ദല്‍ഹി ഹൈക്കോടതി പരിസരത്ത് സപ്തംബര്‍ ഏഴിനാണ് പതിനാലു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന് ഒരു പുതിയ മാനം കൈവരുമെന്നു പ്രതീക്ഷിക്കുന്നു. സ്ഫോടനത്തില്‍ സംശയിക്കപ്പെടുന്ന അഹമ്മദിനെ ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ അഹമ്മദിനെയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയിലെ ജുനൈദ് അക്രമിനെയുമാണ് സൂത്രധാരന്മാരായി പോലീസ് കരുതുന്നത്.
മൂന്നുപേരെ ഇതുവരെ അറസ്റ്റുചെയ്തെങ്കിലും ഒരാളെ വെറുതെവിടുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ മുമ്പ് സംശയിച്ചതുപോലെ ഹര്‍ക്കത്ത് ഉള് ജിഹാദ് ഇസ്ലാമി (ഹൂജി) അല്ല സംഭവത്തിന് ഉത്തരവാദികളെന്നും പാക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണ് സ്ഫോടനത്തിന് പിന്നിലെന്നും അന്വേഷണ ഏജന്‍സി സംശയിക്കുന്നു. ഈ കേസിലെ മുഖ്യപ്രതി അഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജമ്മുവിലെ കോട്ട്വാള് ജയിലില്‍ 2009 മുതല്‍ തടവുകാരനായ ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അസര്‍ അലി നല്‍കിയതാണ്. കിഷ്ഠ്വാര്‍ പ്രദേശത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഭീകരവാദികള്‍ക്ക് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുകൊടുക്കുന്നതിനും അറസ്റ്റിലായ അലിയെ എന്‍ഐഎ ചോദ്യംചെയ്തിരുന്നു. ദല്‍ഹി സ്ഫോടനത്തിനുശേഷം ഒരു ഇ-മെയില്‍ സന്ദേശമയച്ച അബിദ് അബ്ബാസെന്ന ഹൈസ്കൂള്‍ കുട്ടിയെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷില്ലോങ്ങില്‍ ഉള്ള ഇയാളുടെ സഹോദരനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് ഈ വിദ്യാര്‍ത്ഥികളെ എന്‍ഐഎ വിട്ടയച്ചത്.
പിടിയിലായ മറ്റൊരു പ്രതി വാസിമിന് ജുനൈദുമായി ബന്ധമുണ്ട്. പാക്കധീന കാശ്മീരില്‍നിന്ന് ജുനൈദിന് പരിശീലനം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. എന്നാല്‍ ഇത് അയാളുടെ അച്ഛന് റിയാസ് മാലിക് നിഷേധിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ മെട്രിക്കുലേഷന്‍ പരീക്ഷക്കുശേഷം തന്റെ മകനെ കാണാതായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് ഒരു പരാതി കിഷ്ഠ്വാര്‍ പോലീസ്സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലും തന്റെ മകനെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതില്‍ മാലിക്കിന് അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: