സിംഗപ്പൂര്‍ സിറ്റി: വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഡി.ഗുകേഷ് ചെസ്സിന്റെ ചരിത്രത്തിലെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.
പിന്നീട് മാഗ്നസ് കാള്സന് ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്. വെറും 18 വയസ്സും എട്ട് മാസവും 14 ദിവസവും പ്രായമുള്ള ചെസ്സിലെ ലോകചാമ്പ്യനാവുക എന്ന ഏറെക്കുറെ അസാധ്യമായ റെക്കോഡാണ് ഗുകേഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിളക്കമാര്‍ന്ന മുഹൂര്‍ത്തമാണ്.
സ്പീഡ് ചെസ്സിലേക്ക് ലോകകിരീടമത്സരത്തിനെ കൊണ്ടുപോകാനുള്ള ചൈനീസ് താരം ഡിങ്ങ് ലിറന്റെ ഗൂഢതന്ത്രം ഫലിച്ചില്ല. അവസാന മത്സരമായ 14ാം റൗണ്ടില്‍ ഗുകേഷ് വിജയത്തോടെ ചെസ്സിലെ ലോകചാമ്പ്യനാകാനുള്ള ഏഴര പോയിന്റ് സ്വന്തമാക്കുകയായിരുന്നു. 14ാമത്തെ ഗെയിം കൂടിയ സമനിലയില്‍ ആയിരുന്നെങ്കില്‍ മത്സരം സ്പീഡ് ചെസ്സിലേക്ക് നീങ്ങുമായിരുന്നു. അത് ക്ലാസിക്കല്‍ ഗെയിമുകളില്‍ (സ്ലോ ഗെയിം) മാത്രം പ്രാവീണ്യമുള്ള ഗുകേഷിന് തിരിച്ചടിയാകുമായിരുന്നു.
അവസാന മത്സരത്തില്‍ ഡിങ്ങ് ലിറന് വരുത്തിയ പിഴവ് മുതലെടുത്താണ് ഗുകേഷ് വിജയിച്ചത്. റിവേഴ്സ്ഡ് ഗ്രന്ഫെല്ഡ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് ഗുകേഷ് കളിച്ചത്. അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഗുകേഷ് നിര്‍ണ്ണായകമത്സരത്തില്‍ ഡിങ്ങ് ലിറനെ വീഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: