മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തുന്ന കോര്പ്പറേഷന്-സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കരുവേലിപ്പടി ചക്കനാട്ട് ദേശത്തുള്ള ‘ആറുമുറി’ ശ്മശാനമാണ് വിവിധ പദ്ധതികളുടെ മറവില്‍ കോര്പ്പറേഷന് അധികൃതര്‍ കയ്യേറ്റം നടത്തുന്നത്. അനാഥപ്രേതങ്ങളും പ്രായമെത്താത്ത കുട്ടികളുടെ മൃതദേഹങ്ങളുമടക്കം ആയിരക്കണക്കിന് ഹൈന്ദവസാമാജികരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലമാണ് ‘ആറുമുറി’ ശ്മാശനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊച്ചി രാജാവ് ഹൈന്ദവസമൂഹത്തിന് ദാനമായി നല്കിയ ഏക്കര്‍ കണക്കിന് ഭൂമിയായിരുന്നു ആറുമുറി ശ്മശാനഭൂമി. എന്നാല്‍ സംഘടിത മതവിഭാഗങ്ങളുടെ വോട്ടുബാങ്കുകള്‍ നേടി അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ മറവില്‍ വളം നിര്‍മ്മാണയൂണിറ്റ് സ്ഥാപിച്ച് തുടങ്ങിയ കയ്യേറ്റം പിന്നീട് റോഡിന് വീതികൂട്ടുന്നതിലൂടെയും, ബത്ലഹേം ആര്‍ട്സ് ക്ലബിന് സ്റ്റേഡിയത്തിനായി നല്‍കിയും അംഗന്‍വാടി നിര്‍മ്മിച്ചും വിവിധ തലത്തില്‍ കയ്യേറ്റം നടത്തിക്കഴിഞ്ഞു. ഇതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷമായി മാലിന്യ സംഭരണ കേന്ദ്രത്തിന്റെ മറവില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് മാലിന്യം നിക്ഷേപിക്കുന്ന നടപടിയും കോര്പ്പറേഷന് നടത്തിവരുന്നു. ഒടുവിലായി ആറുമുറി ശ്മശാനഭൂമിയില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങുവാനുള്ള നീക്കമാണ് കോര്പ്പറേഷന് നടത്തുന്നത്.
ഹൈന്ദവ സമാജത്തിന്റെ ശ്മശാനഭൂമിയില്‍പ്പോലും കയ്യേറ്റം നടത്തുന്ന കോര്പ്പറേഷന് അധികൃതരുടെ നടപടികള്‍ക്കെതിരെ വിവിധ സാമൂഹ്യ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഭരണാധികാരികള്‍ ഇത് അവഗണിച്ചതോടെ വിവിധ സംഘടനള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് കമ്മീഷനിലെ രജിസ്ട്രാര്‍ സ്ഥലം സന്ദര്‍ശിച്ച് പരാതി നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് കൊച്ചിന് കോര്പ്പറേഷന് അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആറുമുറി ശ്മശാനഭൂമിക്ക് ചുറ്റും മതില്‍കെട്ടി ഗേറ്റ് സ്ഥാപിക്കുക, വിശ്രമമുറിയും വാച്ച്മാന് നിയമനവും നടത്തുക, വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തുക, ശ്മശാനഭൂമി മണ്ണിട്ട് ലവല്‍ ചെയ്യുക തുടങ്ങിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ വര്‍ഷം പിന്നിട്ടിട്ടും ഇതിലൊന്നുപോലും നടപ്പിലാക്കാതെയാണ് ശ്മശാനഭൂമി കയ്യടക്കി തെരുവുനായവന്ധ്യംകരണ കേന്ദ്രം തുടങ്ങുന്നതിന് കോര്പ്പറേഷന് അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്. കൂടാതെ പകല്‍സമയ വിശ്രമകേന്ദ്രം, കൃഷി പരിശീലനകേന്ദ്രം തുടങ്ങിയവയും ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതായും പറയപ്പെടുന്നു.
ഹൈന്ദവ ശ്മശാനഭൂമിയായ ആറുമുറി കയ്യേറ്റത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ശ്മശാനഭൂമി കയ്യേറിക്കൊണ്ടുള്ള കോര്പ്പറേഷന് നടപടിക്കെതിരെ വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി, എസ്എന്‍ഡിപി യോഗം, ശ്രീബുദ്ധ കള്‍ച്ചറല്‍ സെന്റര്‍, കേരള വെള്ളാള മഹാസഭ, ധീവരസഭ, പുലയമഹാസഭ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കും വിവിധകേന്ദ്രങ്ങളിലും നിവേദനം നല്കി. ആറുമുറി ശ്മശാനഭൂമി കയ്യേറ്റത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് ഹിന്ദുസംഘടനായോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: