മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന താവളവും ‘ഡി-കമ്പനി’യുടെ ആസ്ഥാനവുമായിരുന്ന ഭെണ്ടി ബസാർ പ്രദേശത്തെ ‘ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന’ പൊളിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് വഖഫ് ബോര്‍ഡ്. ഈ ഹര്‍ജിയില്‍ ബിജെപി ഭരിയ്‌ക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെ കെട്ടിടം പൊളിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസിൽ വസ്തുതകളെച്ചൊല്ലി വലിയ തർക്കങ്ങളുണ്ടെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്നയും അടങ്ങിയ ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, 2026 നവംബർ 25 വരെ കെട്ടിടം പൊളിക്കരുതെന്ന് ഉത്തരവിട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് പാതി പൊളിച്ച കെട്ടിടം കൂടുതല്‍ പൊളിക്കുന്നത് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ നിര്‍ത്തിവെച്ചു.
‘ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന ട്രസ്റ്റി’ന്റെ ഗുണഭോക്താക്കളാണെന്ന് അവകാശപ്പെടുന്ന രണ്ടുപേരാണ് ഈ കെട്ടിടം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 1864-ൽ ഒരു പള്ളിയോട് ചേർന്ന് ഹജ്ജ് തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രമായി (മുസാഫിർഖാന) നീക്കിവെക്കപ്പെട്ട ഈ സ്വത്ത്, സംരക്ഷിത വഖഫ് സ്വത്താണെന്ന് ഇവർ ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇവരുടെ വാദം കോടതി തല്‍ക്കാലം അംഗീകരിക്കുകയായിരുന്നു. നിർദ്ദിഷ്ട നിയമനടപടികൾ അവഗണിച്ച ബി.എം.സി (BMC), സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും നിലവിലുള്ള സ്റ്റേ ഉത്തരവുകളെ മറികടന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 1944-ലെ ഗസറ്റ് രേഖകളും 1991-ലെ ബി.എം.സി രേഖകളും പ്രകാരം ഈ സ്ഥലം ഒരു വഖഫ് പള്ളിയാണെന്ന് പ്രാദേശിക എം.എൽ.എ അമീൻ പട്ടേൽ ചൂണ്ടിക്കാട്ടി. കെട്ടിടം ജീർണ്ണാവസ്ഥയിലാണെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വഖഫ് ബോർഡിനോട് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥലത്ത് ധാരാളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട് . കെട്ടിട സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പള്ളിയും ഈ നടപടിയുടെ പരിധിയിൽ വരും. രാവിലെ മുതൽ ബിജെപി ഭരിയ്‌ക്കുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തുണ്ടായിരുന്നു.
മുസാഫിർഖാന നിശ്ചിത സമയപരിധിക്കുള്ളിൽ പൊളിച്ചുമാറ്റാൻ നേരത്തെ മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു . ഈ നോട്ടീസിനെ തുടർന്ന്, നടപടി തടയാൻ പ്രദേശത്ത് പ്രതിഷേധങ്ങളും നിയമനടപടികളും ആരംഭിച്ചു. കെട്ടിടത്തിലെ പ്രാർഥനാ ഹാൾ മസ്ജിദാണെന്ന വാദവുമായി പ്രദേശവാസികളും കോൺഗ്രസ്, എഐഎംഐഎം നേതാക്കളും രംഗത്തെത്തിയിരുന്നു.
2024-25 കാലയളവിൽ സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നാണ് കോൺഗ്രസ് എംഎൽഎ അമീൻ പട്ടേൽ പറയുന്നത് .
മുംബൈയിലെ ഭെണ്ടി ബസാറിലെ പക്മോഡിയ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന, ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി 1939 ൽ നിർമ്മിച്ചതാണ്. കെട്ടിടത്തിൽ ആകെ 36 മുറികളുണ്ടായിരുന്നു. കാലക്രമേണ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ മുറികൾ വാടകയ്‌ക്ക് നൽകി.
പോലീസ് ഹെഡ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കസ്കറിന്റെ മകനായി സാധാരണ വാടകക്കാരനായാണ് ദാവൂദ് ഇബ്രാഹിമും കുടുംബവും ഈ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസം തുടങ്ങിയത് . താഴത്തെ നിലയിൽ കടകളും വെയർഹൗസുകളും ഉണ്ടായിരുന്നു. 1970 കളിൽ, ദാവൂദ് ഇബ്രാഹിമിന്റെ കുടുംബം താമസം മാറ്റി.


















