കോഴിക്കോട്: അനധികൃതമായി ചെറുമത്സ്യങ്ങളെ പിടിച്ച രണ്ടുബോട്ടുകളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി. ബോട്ടുകള്‍ക്ക് രണ്ടരലക്ഷം രൂപ വീതം പിഴയും ചുമത്തി. ബേപ്പൂരില്‍ ആണ് സംഭവം.
ചെറുമത്സങ്ങളെ പിടികൂടുന്നതിനെതിരെ ‘ഓപ്പറേഷന്‍ പൈതല്‍’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്. ബേപ്പൂര്‍ വെണ്ണക്കോട് സ്വദേശി കെ ടി ഹംസക്കോയയുടെ വെസ്റ്റേണ്‍, ബേപ്പൂര്‍ പൂനാര്‍വളപ്പ് വയലിലത്ത് മുഹമ്മദ്ഷാനുവിന്റെ പേരിലുള്ള ഷെന്‍സ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
രണ്ടുബോട്ടുകളിലുമായി 300 ബോക്സ് ചെറുമത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഇവ കടലില്‍ തള്ളും. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിനടുത്തായി നിറുത്തിയിട്ടിരുന്ന ബോട്ടുകള്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞ് അഴിമുഖത്തിനടുത്തുള്ള കക്കാടത്ത് എന്ന സ്ഥലത്തേക്ക് മാറ്റി.
സാധാരണ ബോട്ടുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസകരമായ പ്രദേശമാണിത്. ഇതോടെ ഇവിടെ എത്താന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് തീരദേശ പൊലിസിന്റെ സഹായം തേടി. തീരദേശ പൊലിസിന്റെ ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ സ്ഥലത്ത് എത്തിയാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.
അതിനിടെ ചെറുമത്സ്യങ്ങളെ പിടിച്ച പവിഴം എന്നെ മറ്റൊരു ബോട്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. ഈ ബോട്ടിനെ പിടികൂടാന്‍ എല്ലാ ഹാര്‍ബറുകളിലേക്കും തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറി.


















