ബെംഗളൂരു:ഗുജറാത്ത് കലാപത്തില്‍ ജയിലില്‍ പോകേണ്ട മോദിയെയും അമിത് ഷായെയും രക്ഷിച്ചത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളാണെന്ന മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലിയുടെ പ്രസ്താവന വിവാദത്തിലേക്ക്. കോണ്‍ഗ്രസിനകത്ത് ഇതേച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ഈ കോണ്‍ഗ്രസുകാരുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ടുള്ള മാധ്യമസമ്മര്‍ദ്ദം കാരണം വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുകയാണ് വീരപ്പ മൊയ് ലി.
“അമിത് ഷായെ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് നിന്ന് പുറത്താക്കാൻ (നാടുകടത്താൻ) കോടതി ഉത്തരവിട്ടിരുന്നു, കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ജയിലിൽ പോകേണ്ടി വരുന്ന ആദ്യത്തെ വ്യക്തി അമിത് ഷാ ആയിരുന്നു. അതിനുശേഷം നരേന്ദ്ര മോദിയുടെ ഊഴമായിരുന്നു. അദ്ദേഹത്തിനും ജയിലിൽ പോകേണ്ടിയും സംസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടേണ്ടിയും വരുമായിരുന്നു… എന്നാല്‍ കോണ്‍ഗ്രസിനകത്തെ ഒരു വിഭാഗം നേതാക്കളാണ് ഇവരെ സഹായിച്ചത്. ഇതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ ഒരു ദുരന്തമാണ്. “- വീരപ്പ മൊയ് ലി പറഞ്ഞു. ആ സമയത്ത് താനായിരുന്നു നിയമമന്ത്രിയെങ്കില് മോദിയെയും അമിത് ഷായെയും അറസ്റ്റ് ചെയ്യുമായിരുന്നു എന്ന വീരവാദവും ഈ പ്രസംഗത്തില്‍ വീരപ്പമൊയ് ലി മുഴക്കിയിരുന്നു.
“ഞങ്ങളുടെ പാർട്ടിയിൽത്തന്നെ മോദിക്കെതിരായ അന്വേഷണം നിർത്തിവെക്കപ്പെട്ടു. ഇത് സംഭവിച്ചത് ഞങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് – മൻമോഹൻ സിംഗ് കാരണമായല്ല, മറിച്ച് മറ്റ് നേതാക്കൾ കാരണമാണ്. ഇതിന്റെ ഫലമായാണ് കോണ്‍ഗ്രസ് ഇന്ന് ദുരിതമനുഭവിക്കുന്നത്…”- വീരപ്പ മൊയ് ലി പറയുന്നു.
വാസ്തവത്തില്‍ മോദിയെയും അമിത് ഷായെയും ഏറ്റവുമധികം വേട്ടയാടിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ് എന്ന കാര്യം മറന്നുകൊണ്ടാണ് വീരപ്പമൊയ് ലിയുടെ ഈ പ്രസ്താവന. ഗുജറാത്തിലെ ഒരു പൊലീസുദ്യോഗസ്ഥനെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥനെയും ഉപയോഗിച്ച് മോദിയെയും അമിത് ഷായെയും കേസില്‍ കുടുക്കാന്‍ സോണിയയുടെ നേതൃത്വത്തില്‍ ഗൂഢാലോചനകള്‍ നടന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യമായ കള്ളതെളിവുകൾ കെട്ടിച്ചമയ്ക്കുന്നതിനായി തീസ്ത സെതല്‍വാദ്, വിരമിച്ച ഗുജറാത്ത് ഡിജിപി ആർ.ബി. ശ്രീകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർ ചേർന്ന് ഒരു “വന്‍ ഗൂഢാലോചന”യിൽ പങ്കാളികളായെന്ന് അന്ന് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തിയിരുന്നു. ഇതെല്ലാം വീരപ്പ മൊയ് ലി സൗകര്യപൂര്‍വ്വം മറക്കുന്നു. .
തീസ്ത സെതല്‍വാദ് എന്ന ഗുജറാത്തിലെ എന്‍ജിഒ സംഘടനയുടെ നേതാവിനെ ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്കും അമിത് ഷായ്ക്കും എതിരെ കേസ് നടത്തിക്കാന്‍ വേണ്ട ചെല്ലും ചെലവും നല്‍കിയിരുന്നത് അഹമ്മദ് പട്ടേലാണ്. അന്ന് കോണ്‍ഗ്രസിന്റെ ട്രഷറല്‍ ആയിരുന്ന അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയുടെ വലംകൈ ആയിരുന്നു എന്നും ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് അതിനെയെല്ലാം തള്ളിക്കളഞ്ഞ് വീരപ്പമൊയ് ലി ഇപ്പോള്‍ ഒരു അബദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്.


















