ബംഗളൂരു: ‘ മറ്റേതെങ്കിലും സമുദായത്തെയോ വിഭാഗത്തെയോ പരാമര്‍ശിക്കാതെ ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ വികാരം ഉത്തേജിപ്പിച്ചുവെന്നതിന്‌റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍)
ചുമത്താന്‍ കഴിയില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു. പൊതു സമാധാനത്തെ തകര്‍ക്കുന്നതോ തകര്‍ക്കാന്‍ സാധ്യതയുള്ളതോ ആണെങ്കില്‍ മാത്രമേ സെക്ഷന്‍ 153 എ ബാധകമാകൂ.
കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന തലക്കെട്ടുള്ള ടിവി9 വാര്‍ത്താ ക്ലിപ്പ് പോസ്റ്റ് ചെയ്ത ഒരാള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, നിയമാനുസൃതവുമായ രീതിയില്‍ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം മൗലികാവകാശങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും കോടതി പറഞ്ഞു.
നിസ്സാരമോ അലോസരപ്പെടുത്തുന്നതോ ആയ പരാതികളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് കുറ്റാരോപിതനായ വ്യക്തിയുടെ പ്രശസ്തിക്ക് ഗുരുതരമായ കളങ്കം വരുത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.


















