
ന്യൂദല്ഹി: ഇസ്ലാമിക മതമൗലികവാദികളെയും ഭീകരവാദികളെയും ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടില്ലെങ്കില് ഭാവിയില് യൂറോപ്യന് രാജ്യങ്ങളില് കലാപമുണ്ടാകുമെന്ന് 2017ല് യുഎഇ വിദേശകാര്യമന്ത്രി പ്രവചിച്ച വാക്കുകള് പങ്കുവെച്ച് ബിജെപി സംസ്ഥാനപ്രസിഡന്റും എംഎല്എയുമായ രാജീവ് ചന്ദ്രശേഖര്. ഫ്രാന്സും ബ്രിട്ടനും ഉള്പ്പെടെയുള്ള യൂറോപ്യന് രാജ്യങ്ങള് ഇപ്പോള് ഇസ്ലാമിക കലാപത്തില് കത്തുമ്പോള് ഒമ്പത് വര്ഷം മുന്പ് പ്രവചിച്ച വാക്കുകള് അക്ഷരാര്ത്ഥത്തില് യാഥാര്ത്ഥ്യമായിരിക്കുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര് സമൂഹമാധ്യമമായ എക്സില് യുഎഇ വിദേശകാര്യമന്ത്രിയുടെ വീഡിയോ പങ്കുവെയ്ക്കുക വഴി ഊന്നിപ്പറയാന് ശ്രമിച്ചത്
ഇടതുപക്ഷക്കാരും ഇസ്ലാമിക കുടിയേറ്റക്കാരും പാരീസിനെയും ഫ്രാൻസിനെയും കത്തിച്ചുകളയുകയാണ്. അഭിമാനകരമായ ഒരു ചരിത്ര നഗരത്തെയും രാജ്യത്തെയും സംസ്കാരത്തെയും നശിപ്പിക്കുകയാണ്. ഇത് കാണുമ്പോള് ഇടതുപക്ഷ ലിബറൽ യൂറോപ്യൻ സർക്കാരുകളെയും അവരുടെ കുടിയേറ്റ നയങ്ങളെയും കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രി പറഞ്ഞത് നമുക്ക് ഓർമ്മിക്കാം.എന്നാണ് രാജീവ് ചന്ദ്രശേഖര് എക്സില് പങ്കുവെച്ച പോസ്റ്റ്.
യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന് സായെദ് അല് നാഹ്യാന് യൂറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാര് ഭാവിയില് അവിടെ കലാപമുണ്ടാക്കുമെന്ന് നേരത്തെ പ്രവചിച്ചതിന്റെ വീഡിയോയും രാജീവ് ചന്ദ്രശേഖര് പങ്കുവെച്ചു. 2017ല് സൗദി അറേബ്യയിലെ റിയാദില് നടന്ന ഒരു സമ്മേളനത്തിലായിരുന്നു യുഎഇ വിദേശകാര്യമന്ത്രി ഇസ്ലാമിക മതമൗലികവാദം ഭാവിയില് യൂറോപ്പില് സൃഷ്ടിക്കാന് സാധ്യതയുള്ള അശാന്തിയെക്കുറിച്ച് പറഞ്ഞത്. ഒമ്പത് വര്ഷത്തിന് ശേഷം ഫ്രാന്സും ബ്രിട്ടനും ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തില് കത്തുമ്പോള് ഈ വാക്കകള് ശരിയായിരിക്കുകയാണ്.
ആ വീഡിയോയില് യുഎഇ വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെയാണ്: “ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്. കൂടുതല് മതമൗലികവാദികളും തീവ്രവാദികളും യൂറോപ്യന് രാജ്യങ്ങളില് നിന്നും ഉയര്ന്നുവരുമെന്ന നാള് വിദൂരമല്ല. അവിടെ അതിനെതിരെ കര്ശനമായ നടപടികള് ഉണ്ടാകുന്നില്ല. അവര് രാഷ്ട്രീയമായി തങ്ങള് ശരിയാണെന്ന് വരുത്തിതീര്ക്കാന് അഭിനയിക്കുകയാണ്. തങ്ങള്ക്ക് ഇസ്ലാമിനെ അറിയാമെന്ന രീതിയിലും യൂറോപ്പിലെ ഭരണാധികാരികള് അഭിനയിക്കുന്നു. ഗള്ഫ് രാജ്യങ്ങളിലെ ഭരണാധികാരികളേക്കാള് ഇസ്ലാമിനെ തങ്ങള്ക്കറിയാമെന്ന നിലപാടാണ് യൂറോപ്യന് രാജ്യങ്ങള്ക്കുള്ളത്. അത് തികഞ്ഞ വിഡ്ഡിത്തമാണ്. “.. അതായത് യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങള് എങ്ങിനെയാണോ ഇസ്ലാമിക മതമൗലികവാദത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്നത് അതേ രീതിയില് നേരിട്ടിരുന്നെങ്കില് യൂറോപ്യന് രാജ്യങ്ങളില് ഈ കലാപം ഉണ്ടാകില്ലായിരുന്നുവെന്നാണ് യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിന് സായെദ് അല് നാഹ്യാന് പറഞ്ഞത്.