തിരുവനന്തപുരം: കിഫ്ബി പൊന്മുട്ടയിരുന്ന താറാവാണെന്നും അതിനെ കൊല്ലരുതെന്നും മുന് മന്ത്രി വി എന് വാസവന്. വിസ്മയം സൃഷ്ടിച്ച പദ്ധതിയായ കിഫ്ബിയെ ഇല്ലാതാക്കാന് ഉള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും വാസവന് ആരോപിച്ചു.
സമാധാനത്തിന്റെ, പുരോഗതിയുടെ അടിസ്ഥാനമാണ് കിഫ്ബി. യുഡിഎഫ് സര്ക്കാരിന്റെ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്ന്നു വരും. എംഎല്എമാര്ക്ക് കിട്ടുന്ന ഫണ്ട് കൊണ്ട് മാത്രം വികസനം നടക്കില്ല.
പദ്ധതികള് നിലച്ചു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്നും വാസവന് പറഞ്ഞു. അതേസമയം കിഫ്ബിയുമായി ബന്ധപ്പെട്ട് അനധികൃത ഭൂമി ഏറ്റെടുക്കലും കണ്ണൂര് കേന്ദ്രീകരിച്ചുള്ള ഇടപാടുകളും മസാല ബോണ്ട് വഴിയുണ്ടായ നഷ്ടവുമടക്കം ഒട്ടേറെ ക്രമക്കേടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് വാസവന്റെ അവകാശവാദങ്ങള്.
കണ്ണൂരിലും പാലക്കാട്ടുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിദഗ്ധസമിതി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
കിഫ്ബി ഭൂമി ഏറ്റെടുക്കലിനായി നീക്കിവെച്ച 16,421 കോടി രൂപയില് 74.64% തുകയും കണ്ണൂര് ജില്ലയിലാണ് വിനിയോഗിച്ചത്. ഇവിടെ അഞ്ചിരട്ടിയിലേറെ വില നല്കി ഭൂമി വാങ്ങിയതില് ബെനാമി ഇടപാടുകള് സംശയിക്കുന്നു. ആഭ്യന്തര വിപണിയേക്കാള് ഉയര്ന്ന പലിശ നിരക്കില് വിദേശത്തുനിന്ന് ‘മസാല ബോണ്ട്’ വഴി വായ്പയെടുത്തതില് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും എതിര്പ്പ് മറികടന്നതായ വിവരങ്ങളും പുറത്തുവന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 183 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്
















