പാണ്ഡവര്ക്ക് വിഷയസുഖങ്ങളിലുള്ള, പാഞ്ചാലിയിലുള്ള ആസക്തി നശിക്കണം. ആ ആസക്തിയുടെ നാശത്തിലേക്ക് വ്യാസന് പിന്നീട് കഥയെ നയിച്ചുകൊണ്ടുപോകും. അതാണ് മഹാപ്രസ്ഥാനത്തില് പാഞ്ചാലി വീണു എന്നു കേട്ടിട്ടും ധര്മ്മപുത്രര് തിരിഞ്ഞ് നോക്കാതെയും കേള്ക്കാത്തതുപോലെയും മുന്നോട്ടുപോയത്. ഇങ്ങനെ അനേകം അര്ത്ഥങ്ങള് ഒന്നിച്ചു വരത്തക്കവിധത്തില് പാണ്ഡവന്മാരേയും പാഞ്ചാലിയേയും കാവ്യാത്മകമായും കലാത്മകമായും, ദാര്ശനികമായും ആധ്യാത്മികമായും അതീതശാസ്ത്രപരമായും ബന്ധിപ്പിച്ചിരിക്കുകയാണ് ഇവിടെ വ്യാസന്
ഏകചക്രയിലെ ബ്രാഹ്മണഗൃഹത്തില് താമസിക്കുന്നതിനിടയിലാണ് ബകന് എന്ന രാക്ഷസനെ ഭീമന് വധിച്ചത്. ബക വധത്തിന് ശേഷം അവിടെ തുടര്ന്ന് താമസിക്കുന്നത് സുരക്ഷിതമാകില്ല എന്ന് കുന്തിക്ക് തോന്നി. സാധാരണ ആളുകള്ക്ക് വധിക്കാന് സാധിക്കാത്ത ബകനെ ഒരാള് കൊന്നിരിക്കുന്നു എന്ന വാര്ത്ത ഹസ്തിനാപുരിയില് എത്തിയേക്കും എന്ന് കുന്തി കരുതി. ഈ വാര്ത്ത ഹസ്തിനാപുരിയില് എത്തിയാല് കുന്തിയും മക്കളും ജീവിച്ചിരിക്കുന്നുണ്ടെന്ന് കൗരവര് വിശ്വസിച്ചേക്കും. അത് പുതിയ പ്രശ്നങ്ങള്ക്ക് കാരണമാകും. ഈ പശ്ചാത്തലത്തില് പുതിയ ദേശം കണ്ടുപിടിച്ച് ഏക ചക്രയില് നിന്നും മാറി താമസിക്കാന് കുന്തി തീരുമാനിച്ചു.
അങ്ങനെ തീരുമാനിച്ചിരിക്കവെ ആ ഗൃഹത്തില് ഒരു ബ്രാഹ്മണന് വന്നു ചേര്ന്നു. അവിടെ താമസിച്ച രാത്രിയില് അദ്ദേഹം പറഞ്ഞു ”ഞാന് പാഞ്ചാല രാജ്യത്തേക്ക് പോകുന്ന വഴിയാണ് ഇവിടെ എത്തിയത്. അവിടെ പാഞ്ചാലിയുടെ സ്വയംവരം തീരുമാനിക്കപ്പെട്ടിരിക്കുന്നു. സ്വയംവരത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. എല്ലാ ദിവസവും സമൃദ്ധമായ സദ്യയും ലഭിക്കും. നിങ്ങള്ക്കും വേണമെങ്കില് അങ്ങോട്ട് വരാം.” ബ്രാഹ്മണനില് നിന്നും ഈ വൃത്താന്തം അറിഞ്ഞ കുന്തിയും മക്കളും പിറ്റെദിവസം പ്രഭാതത്തില് തന്നെ പാഞ്ചാലദേശത്തേക്ക് പോകാന് തീരുമാനിച്ചു.
പാഞ്ചാലദേശത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി അവര് വ്യാസനെ കണ്ടു. വ്യാസന് അവരോട് പറഞ്ഞു ”നിങ്ങള് പാഞ്ചാല രാജ്യത്തേക്ക് പോകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ യാത്ര നിങ്ങളുടെ ഭാവി ശ്രേയസ്സിന് ഗുണകരമാകും. അവിടെ വച്ച് നിങ്ങളുടെ വിവാഹം നടക്കും.” കൃഷ്ണയുടെ പൂര്വജന്മ വൃത്താന്തവും വ്യാസന് പാണ്ഡവരെ അറിയിച്ചു. കൃഷ്ണയുടെ പൂര്വജന്മത്തില് ഇവള് നാളായണി എന്നു പേരുള്ള ഒരു മുനികന്യക ആയിരുന്നു. ഗുണവാനായ ഭര്ത്താവിനെ ഇച്ഛിച്ചുകൊണ്ട് അവള് ശിവനെ തപസു ചെയ്തു. ശിവന് പ്രത്യക്ഷപ്പെട്ട് ”നിനക്ക് അഞ്ചു ഭര്ത്താക്കന്മാരുണ്ടാകും” എന്ന് വരം നല്കി അവളെ അനുഗ്രഹിച്ചു. ശിവന്റെ വരദാനം കേട്ട് ഭയന്ന നാളായണി തനിക്ക് ഒരു ഭര്ത്താവിനെ മാത്രം മതിയെന്ന് ഭഗവാനോട് അപേക്ഷിച്ചു. ”ഭര്ത്താവിനെ തന്നാലുമെന്ന്” നീ അഞ്ചു പ്രാവശ്യമാണ് പറഞ്ഞത്. അതുകൊണ്ട് അടുത്ത ജന്മത്തില് നിനക്ക് അഞ്ച് ഭര്ത്താക്കന്മാരുണ്ടാകും. ”എന്റെ വാക്ക് മാറില്ലെന്നും ഞാന് പറഞ്ഞത് സംഭവിക്കുമെന്നും” ശിവന് പറഞ്ഞു.
ആ കന്യകയാണ് യാഗവേദിയില് നിന്നും കൃഷ്ണയായി പുനര്ജനിച്ചത്. അവള് ലക്ഷ്മിയുടെ അംശവുമാണ്. നിങ്ങളുടെ ജീവിതത്തിന് കൃഷ്ണ മുഖാന്തിരം സൗഭാഗ്യമുണ്ടാകും. മറ്റൊന്ന് അവള് കാരണമായി കുരുകുലം നശിക്കും. അഹങ്കാരികളായ ക്ഷത്രിയന്മാരൊക്കെ നശിച്ച് ഭൂമി ശുദ്ധമാകും. ഭൂമിയില് ധര്മ്മം നടക്കും. അവള് ഒരേ സമയത്തു തന്നെ ക്രിയാകാരിണിയാണ്, അതേ സമയത്തു തന്നെ വിനാശകാരിണിയുമാണ്. ഇതെല്ലാം പാണ്ഡവരെ അറിയിച്ച് വ്യാസന് മറഞ്ഞു.
പാഞ്ചാല രാജധാനിയില് എത്തുന്നതിനു മുമ്പ് പാണ്ഡവര് കുന്തിയെ ഒരു കുശവന്റെ വീട്ടില് പാര്പ്പിച്ചു. അതിനുശേഷം ഇവര് അഞ്ചുപേരും ചേര്ന്ന് പാഞ്ചാലന്റെ രാജധാനിയില് എത്തി അവിടെയെല്ലാം ഒരു രംഗനിരീക്ഷണം നടത്തി. പിന്നെ അവര് കുശവന്റെ ഗൃഹത്തിലേക്ക് തന്നെ വന്ന് അവിടെ താമസിച്ചു.
പാഞ്ചാലിയുടെ ജനനത്തിനു പിന്നിലുള്ള കഥ ദ്രുപദന്റെ തോല്വിയുമായി ബന്ധപ്പെട്ടതാണ്. ദ്രുപദനെ യുദ്ധത്തില് തോല്പിച്ച പാണ്ഡവര് അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ദ്രോണര്ക്ക് മുമ്പാകെ ഗുരുദക്ഷിണയായി സമര്പ്പിച്ചു. ഇത് ദ്രുപദന് വലിയ അപമാനമായി. അദ്ദേഹത്തിന് അതിന് ശേഷം ഉറങ്ങാന് പോലും കഴിഞ്ഞില്ല. ഉറക്കമില്ലാത്ത രാത്രികള് അദ്ദേഹം വ്യസനത്തോടെ പകല്പോലെ കഴിച്ചുകൂട്ടി. ദ്രുപദന്റെ മനസ്സില് ദ്രോണരോടുള്ള പക അനുദിനം വര്ദ്ധിച്ചു. ദ്രോണനെ നിഗ്രഹിക്കാന് കഴിയുന്ന ഒരു പുത്രന് എനിക്കുണ്ടാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയില് മുഴുവന്. ഇതിനായി ഒരു യജ്ഞം നടത്താന് അദ്ദേഹം ആഗ്രഹിച്ചു. യജ്ഞ നിര്വ്വഹണത്തിനായി ഒരു ഋഷിയെ അന്വേഷിച്ച് ഭാരതവര്ഷത്തിലെ ഒട്ടുമിക്ക ആശ്രമങ്ങളിലും അദ്ദേഹം എത്തി.
ലോകസംഗ്രഹമാകണം ഏതൊരു യജ്ഞത്തിന്റെയും ലക്ഷ്യം. ഇതിനു വിപരീതമായി ഒരാളെ സംഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്രുപദന് യജ്ഞം നടത്താന് ഒരുങ്ങിയത്. ദുരുദ്ദേശത്തോടെയുള്ള ഒരു യജ്ഞത്തിന് ഋഷിമാര് തയ്യാറായില്ല. എന്നാല് യാജന് എന്ന ഋഷി വലിയ ധനം ആഗ്രഹിച്ച് ഈ യജ്ഞം നടത്താന് സമ്മതിച്ചു. അങ്ങനെ ദ്രുപദന് നടത്തിയ യജ്ഞത്തില് നിന്നും ജനിച്ചു വന്നവരാണ് ധൃഷ്ടദ്യുമ്നനും സഹോദരിയായ കൃഷ്ണയും. കൃഷ്ണയ്ക്ക് തുല്യയായ ഒരു സുന്ദരി അന്ന് ലോകത്ത് വേറെ ഇല്ലായിരുന്നു. അര്ജുനന് ഉണ്ടായിരുന്നെങ്കില് കൃഷ്ണയെ അര്ജുനന് വിവാഹം ചെയ്തുകൊടുക്കണമെന്നതായിരുന്നു ദ്രുപദന്റെ ആഗ്രഹം. ദ്രുപദന്റെ ഈ താല്പ്പര്യത്തെ കുറിച്ച് ജനങ്ങള്ക്കിടയില് സംസാരവുമുണ്ടായിരുന്നു. ഇതെല്ലാം ഏകചക്രയിലെ ഗൃഹത്തില് വന്ന ബ്രാഹ്മണനാണ് പാണ്ഡവരെ അറിയിച്ചത്.
പാണ്ഡവര് അരക്കില്ലത്തില്പ്പെട്ട് വെന്ത് മരിച്ചിരിക്കാന് ഇടയില്ലെന്നു തന്നെയാണ് ദ്രുപദന് വിശ്വസിച്ചിരുന്നത്. അര്ജുനനും പാണ്ഡവരും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിച്ചിരിക്കുന്നുണ്ടെങ്കില് അറിയണം എന്ന ഉദ്ദേശത്തോടെയാണ് പതിനാറുനാള് നീണ്ടുനില്ക്കുന്ന വലിയ ആഘോഷത്തോടെ പാഞ്ചാലിയുടെ സ്വയംവരം നടത്താന് ദ്രുപദന് തീരുമാനിച്ചത്. പതിനഞ്ചു ദിവസത്തെ ആഘോഷങ്ങള്ക്കു ശേഷമാണ് പതിനാറാം ദിവസം സ്വയംവരം നിശ്ചയിച്ചത്.
സ്വയംവരദിവസം പാണ്ഡവര് ഇതിനായി ഒരുക്കിയിട്ടുള്ള മണ്ഡപത്തിനു സമീപം എത്തി. ബ്രാഹ്മണ വേഷത്തില് വന്ന അവരെ ബ്രാഹ്മണര്ക്കായി മാറ്റിവച്ചിട്ടുള്ള ഇരിപ്പിടങ്ങളിലേക്ക് രാജദൂതന്മാര് ആനയിച്ചുകൊണ്ടുപോയി. അവര് ഇരുന്നതിന് അഭിമുഖമായി എതിര് ദിശയില് കൃഷ്ണയെ മോഹിച്ചെത്തിയ രാജാക്കന്മാര് ഇരിക്കുന്നുണ്ടായിരുന്നു. ദുര്യോധനനും കര്ണ്ണനും അശ്വത്ഥാമാവും ശല്യരുമെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു.
അവിടെ മറ്റൊരു ദിശയില് സ്വയംവരം കാണാന് എത്തിയിരുന്നവര്ക്കായി പ്രത്യേക ഇരിപ്പിടങ്ങള് തയ്യാറാക്കിയിരുന്നു. അവിടെ യാദവന്മാരെല്ലാം ഇരിക്കുന്നുണ്ട്. യാദവന്മാരുടെ കൂട്ടത്തില് കൃഷ്ണനും ബലരാമനുമുണ്ടായിരുന്നു. മഹാഭാരത കഥയിലേക്ക് ഇതാദ്യമായി കൃഷ്ണന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വളരെ ശാന്തനായിരിക്കുന്ന ആള് എന്ന നിലയിലാണ് പ്രപഞ്ചത്തെ മുഴുവന് വിഴുങ്ങാന് ശക്തിയുള്ള ഭഗവാനെ വ്യാസന് അവതരിപ്പിച്ചിട്ടുള്ളത്. ഒരു തരത്തിലുമുള്ള വര്ണഭംഗികളും ഇല്ലാത്ത കഥാനായകനെയാണ് ഇവിടെ നാം കാണുന്നത്. ഏറ്റവും പ്രഭാവമുള്ള ഒരാളിനെ ഒട്ടും പ്രഭാവമില്ലെന്ന് തോന്നുംവിധമുള്ള അവതരണം. ഇത് വ്യാസന്റെ അസാധാരണമായ രചനാശൈലിയുടെ സവിശേഷതയാണ്.
സ്വയംവരത്തിനായി നിശ്ചയിച്ചിട്ടുള്ള മത്സരത്തിന്റെ സമയം സംജാതമായതായി അറിയിപ്പ് എത്തി. കറങ്ങിക്കൊണ്ടിരിക്കുന്ന യന്ത്രത്തിനകത്തുള്ള ലക്ഷ്യത്തെ അഞ്ച് ബാണങ്ങള് എയ്ത് ഭേദിക്കുക എന്നതാണ് സ്വയംവരത്തിനായി നിശ്ചയിച്ചിരുന്ന നിബന്ധന. എട്ട് അടിയുള്ള വില്ല് ഞാണ് കെട്ടി വേണം ബാണങ്ങള് എയ്യേണ്ടത്. ദുര്യോധനനും അശ്വത്ഥാമാവും ശല്യരുമെല്ലാം ഈ ഉദ്യമത്തില് അമ്പേ പരാജയപ്പെട്ടു. ഇവരെല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള് കര്ണ്ണന് എഴുന്നേറ്റു. സൂര്യതേജസുള്ള കര്ണ്ണനെ സദസ്സ് ഒന്നടങ്കം ശ്രദ്ധിച്ചു. കര്ണ്ണന് വില്ലെടുത്ത് കുലച്ച് അമ്പുകള് തൊടുത്തു. ഇതു കണ്ട പാഞ്ചാലി വിളിച്ചു പറഞ്ഞു: ”ഞാന് സൂതപുത്രനെ വരിക്കില്ല.” അപമാനഭാരത്തോടെ തലകുമ്പിട്ട് കര്ണ്ണന് ഇരിപ്പിടത്തിലേക്ക് മടങ്ങി. തുടര്ന്ന് ശിശുപാലനും ജരാസന്ധനും ഇതിന് മുതിര്ന്നെങ്കിലും അവര് മുട്ടുകുത്തി വീണ് സദസ്യരുടെ പരിഹാസത്തിന് പാത്രമായി.
രാജാക്കന്മാരെല്ലാം പരാജയപ്പെട്ടു പിന്വാങ്ങി കഴിഞ്ഞപ്പോള് ബ്രാഹ്മണരുടെ ഇടയില് നിന്നും അര്ജുനന് എഴുന്നേറ്റു. സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണര് മാന്തോലാകുന്ന ഉത്തരീയം വീശി ആര്ത്തുവിളിച്ച് അര്ജുനനെ പ്രോത്സാഹിപ്പിച്ചു. വില്ലിനടുത്തെത്തിയ അര്ജുനന് നിമിഷനേരം കൊണ്ട് വില്ലെടുത്ത് അമ്പ് എയ്ത് ലക്ഷ്യം ഭേദിച്ചു. ദ്രൗപദി അര്ജുനന്റെ കഴുത്തില് മാല ചാര്ത്തി. ദ്രൗപദി ബ്രാഹ്മണ യുവാവിനെ വരിച്ചതില് ക്ഷുഭിതരായ രാജാക്കന്മാര് ദ്രുപദനുമായി യുദ്ധത്തിനു മുതിര്ന്നു. അര്ജുനന്റെയും ഭീമന്റെയും നേതൃത്വത്തില് പാണ്ഡവര് ഇവരെ പ്രതിരോധിച്ചു. യുദ്ധത്തില് രാജാക്കന്മാര് പരാജിതരായി. പരാജയപ്പെട്ട അവര് അവിടെ നിന്നും മടങ്ങി.
സ്വയംവരാനന്തരം ഇവര് അഞ്ചുപേരും പാഞ്ചാലിയേയും കൂട്ടിക്കൊണ്ട് കുശവന്റെ ആലയത്തിലേക്ക് പോയി. ”ഇന്ന് ഞങ്ങള്ക്ക് ഒരു പ്രത്യേക ഭിക്ഷ കിട്ടിയിരിക്കുന്നു” എന്ന് വരാന്തയില് വച്ചുതന്നെ അവര് കുന്തിയെ അറിയിച്ചു. ”ഇത് അഞ്ചുപേരും കൂടി കഴിച്ചോളു” എന്നതായിരുന്നു കുന്തിയുടെ മറുപടി. സത്യം അറിഞ്ഞ കുന്തിക്ക് താന് പറഞ്ഞത് അബദ്ധമായെന്ന് തോന്നി. എന്നാല് തന്റെ വാക്ക് പാലിക്കപ്പെടണമെന്ന കാര്യത്തില് അവര്ക്ക് നിഷ്കര്ഷയുണ്ടായിരുന്നു. ക്ഷത്രിയന്മാര്ക്ക് അവര് പറയുന്ന വാക്ക് പാലിക്കപ്പെടണമെന്ന് നിര്ബന്ധമുണ്ട്. വാക്ക് ആത്യന്തികമായ സത്യമാണ്. അത് ബ്രഹ്മമാണ്. വാക്ക് പാലിച്ചില്ലെങ്കില് അത് ബ്രഹ്മനിഷേധമാകും. ഇതിനിടെ സഹോദരിയെ ബ്രാഹ്മണര് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയാന് ധൃഷ്ടദ്യുമ്നന് ചാരന്മാരെ നിയോഗിച്ചിരുന്നു. കുശവക്കുടിലിനു സമീപമെത്തിയ ചാരന്മാര് ബ്രാഹ്മണവേഷധാരികള് പാണ്ഡവരാണെന്ന് തിരിച്ചറിഞ്ഞു. വിവരം അവര് ദ്രുപദനേയും ധൃഷ്ടദ്യുമ്നനേയും അറിയിച്ചു.
ദ്രുപദന് ദൂതന്മാരെ അയച്ച് കുന്തിയേയും പാണ്ഡവരേയും രാജധാനിയിലേക്ക് വരുത്തി. പാഞ്ചാലിയെ തന്റെ അഞ്ചുമക്കളും ചേര്ന്ന് വിവാഹം ചെയ്യണമെന്നുള്ള കുന്തിയുടെ തീരുമാനത്തോട് ദ്രുപദനും ധൃഷ്ടദ്യുമ്നനും വിയോജിപ്പായിരുന്നു. ദ്രുപദന്റെ മനസ്സില് സംശയം നിറഞ്ഞു നില്ക്കെ അവിടെ വ്യാസന് പ്രത്യക്ഷപ്പെട്ടു. ലോകാചാര്യനായ മഹര്ഷിയെ പൂജിച്ച് സല്ക്കരിച്ചശേഷം ദ്രുപദന് ഈ പ്രശ്നം വ്യാസനോട് ഉന്നയിച്ചു. ഒരു സ്ത്രീക്ക് അഞ്ചുപേര് ഭര്ത്താക്കന്മാരായിട്ടുവരുന്നത് ധര്മ്മമാണോ എന്നായിരുന്നു വ്യാസനോടുള്ള ദ്രുപദന്റെ ചോദ്യം. വ്യാസന് ദ്രുപദനെ രാജഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, പാഞ്ചാലിയുടെ പൂര്വ്വജന്മവൃത്താന്തവും ശിവന്റെ വരദാനവുമെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. നാട്ടുകാരും വീട്ടുകാരുമെല്ലാം ധര്മ്മലംഘനമെന്ന് വിചാരിക്കാനിടയുള്ള ഒരു കര്മ്മത്തിന്റെ ആചരണത്തില് ധര്മ്മലംഘനമില്ലെന്ന് പ്രപഞ്ചസത്യങ്ങള് അറിഞ്ഞ ഒരു മഹര്ഷി തന്നെ അദ്ദേഹത്തിന് ബോധ്യപ്പെടുത്തികൊടുത്തു. സാക്ഷാല് മഹാദേവന്റെ വാക്കുകള് ഉദ്ധരിച്ചുകൊണ്ടാണ് വ്യാസന് ഈ സത്യം ദ്രുപദനെ അറിയിച്ചത്. പാണ്ഡവരുമായുള്ള ദ്രൗപദിയുടെ വിവാഹം സമംഗളം നടന്നു. ആദ്യദിനം യുധിഷ്ഠിരന്, പിറ്റേദിവസം ഭീമന്, അടുത്ത നാള് അര്ജുനന്. ഈ ക്രമത്തിലായിരുന്നു അഞ്ചുപേരുമായുള്ള വിവാഹം. വിലയേറിയ സമ്മാനങ്ങള് നല്കി വധുവിനേയും വരന്മാരേയും ദ്രുപദന് അനുഗ്രഹിച്ചു. വിവരം ഹസ്തിനാപുരിയിലുമെത്തി.
ഈ കഥക്ക് ദാര്ശനികവും ആധ്യാത്മികവുമായ ഒരു അര്ത്ഥതലം കൂടിയുണ്ട്. പഞ്ചേന്ദ്രിയങ്ങള് വിഷയവസ്തുക്കളിലേക്ക് സദാ ബഹിര്ഗമിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചേന്ദ്രിയങ്ങള്ക്ക് ആനന്ദം നല്കുന്ന പ്രകൃതി വസ്തുക്കളെ, വിഷയവസ്തുക്കളെ ആസ്വദിക്കുക എന്നതാണ് പഞ്ചേന്ദ്രിയങ്ങളുടെ ലൗകികമായ സ്വഭാവം. വേദാന്ത തത്വത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ സങ്കല്പം. പാഞ്ചാലി എന്നത് വിഷയവസ്തു സംഘാതമാണ്. ഇന്ദ്രിയാമോദകരമായ ഒരു വ്യായാമമാണ് മനുഷ്യന്റെ ജീവിതം. അങ്ങനെയല്ല വേണ്ടതെന്ന് പഠിപ്പിക്കാനാണ് വ്യാസന് ഇതെല്ലാം പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ട് പാണ്ഡവര്ക്ക് വിഷയസുഖങ്ങളിലുള്ള, പാഞ്ചാലിയിലുള്ള ആസക്തി നശിക്കണം. ആ ആസക്തിയുടെ നാശത്തിലേക്ക് വ്യാസന് പിന്നീട് കഥയെ നയിച്ചുകൊണ്ടുപോകും. അതാണ് മഹാപ്രസ്ഥാനത്തില് പാഞ്ചാലി വീണു എന്നു കേട്ടിട്ടും ധര്മ്മപുത്രര് തിരിഞ്ഞ് നോക്കാതെയും കേള്ക്കാത്തതുപോലെയും മുന്നോട്ടുപോയത്. ഇങ്ങനെ അനേകം അര്ത്ഥങ്ങള് ഒന്നിച്ചു വരത്തക്കവിധത്തില് പാണ്ഡവന്മാരേയും പാഞ്ചാലിയേയും കാവ്യാത്മകമായും കലാത്മകമായും, ദാര്ശനികമായും ആധ്യാത്മികമായും അതീതശാസ്ത്രപരമായും ബന്ധിപ്പിച്ചിരിക്കുകയാണ് ഇവിടെ വ്യാസന്.
















