
ന്യൂദല്‍ഹി: “ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണത്തെയും എസ് ഐ ആര്‍ സംശയത്തെയും തള്ളിക്കളയുന്ന 124 മുന്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കത്ത് കോണ്‍ഗ്രസിന് വലിയ കീറാമുട്ടിയാകും.
ഔദ്യോഗിക ജീവിതം പൂര്‍ണ്ണമായും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി ഉപയോഗിച്ചവരാണ് വോട്് ചോരി, എസ് ഐ ആര്‍ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണമായും പിന്തുണച്ചുകൊണ്ട് തുറന്ന കത്ത് പുറത്തുവിട്ട ഈ 124 മുന്‍ ഐഎഎസ് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ട് തന്നെ ഇവരുടെ വാദം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി, എസ് ഐ ആര്‍ ആരോപണങ്ങളെ പഴുതില്ലാത്ത വിധം തള്ളുന്നു.
ജയിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമാവുകയും തോല്‍ക്കുമ്പോള്‍ വോട്ട് ചോരിയെയും എസ് ഐ ആറിനെയും സംശയിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് ഈ ഉദ്യോസ്ഥര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, ഈ വാദമുഖത്തെ എതിര്‍ക്കാന്‍ രാഹുല്‍ഗാന്ധിയ്‌ക്കെന്നല്ല, കോണ്‍ഗ്രസിലെയോ ഇന്ത്യാമുന്നണിയിലെയോ ഒരാള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.
ഇനി രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഇത് കോണ്‍ഗ്രസുകാര്‍ പോലും ശരിവെച്ചുപോകുന്ന സങ്കീര്‍ണ്ണവും കുറ്റമറ്റതുമായ നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. “ഓരോ സ്ഥാനാർത്ഥിയുടെയും പോളിംഗ് ഏജന്റിന് പോളിംഗ് സ്റ്റേഷനിലെ നടപടികൾ നിരീക്ഷിക്കാനും രേഖപ്പെടുത്തിയ വോട്ടുകളുടെ ഒപ്പിട്ട കണക്ക് കൈപ്പറ്റാനും കഴിയും. വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നതിന് മുൻപ്, ഏജന്റുമാരുടെ സാന്നിധ്യത്തിലും അവരുടെ ഒപ്പുകളോടെയുമാണ് അവ സീൽ ചെയ്യുന്നത്. വോട്ട് എണ്ണുന്നതിന് മുൻപ് വോട്ടിംഗ് യന്ത്രങ്ങളിൽ അനധികൃതമായി ഇടപെടാനുള്ള സാധ്യത കുറയ്‌ക്കുന്നതിനായി, സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സ്ട്രോംഗ് റൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിക്കുന്നതിനുള്ള വലിയ ഗൂഢാലോചന നടക്കണമെങ്കിൽ, പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലുള്ള ഉദ്യോഗസ്ഥരും രാഷ്‌ട്രീയ പ്രതിനിധികളും സഹകരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് കത്ത് വാദിക്കുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ ഭരണകാലത്തുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെയും പരാജയപ്പെട്ട പാർട്ടികളുടെ സ്വന്തം ഏജന്റുമാരുടെയും മൗനം ഇതിന് ആവശ്യമായി വരും. അത്തരമൊരു ഗൂഢാലോചനയും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല”- രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കുന്നതാണ് ഈ വാദം.