ന്യൂദല്‍ഹി: പൂജാക്രമങ്ങളില്‍ ഇടപെടാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമന പൂജയുടെ തീയതി മാറ്റരുതെന്ന് സുപ്രീം കാടതി കര്‍ശന നിര്‍ദേശം നല്കി. മുന്‍ വര്‍ഷങ്ങളിലേതുപോലെ വൃശ്ചിക മാസ ഏകാദശി ദിവസമായ നവംബര്‍ 21ന് തന്നെ ഉദയാസ്തമന പൂജ നടത്തണം. ബോര്‍ഡിന് ആവശ്യമെങ്കില്‍ തുലാം മാസത്തിലെ ഏകാദശി ദിനമായ ഒക്ടോബര്‍ 22നും ഉദയാസ്തമന പൂജ നടത്താം. ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
വൃശ്ചികത്തിലെ ഭക്തജന തിരക്ക് കാരണം പൂജകള്‍ തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയാസ്തമന പൂജ തുലാമാസത്തിലേക്ക് മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചത്. തന്ത്രിയുടെ അനുമതിയും ലഭ്യമാക്കി. എന്നാല്‍ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടി കാലങ്ങളായി തുടരുന്ന പൂജയുടെ തീയതി മാറ്റുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷവും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വൃശ്ചിക ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്തിയിരുന്നത്. അന്നത്തെ പൂജ കാരണം എന്തെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ബോര്‍ഡ് പറഞ്ഞിട്ടില്ല.
കേസില്‍ ഡിസംബറില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. പൂജാ തീയതി മാറ്റാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ പുഴക്കര ചേന്നാസ് മനയിലെ പി.സി. ഹരി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ സി.എസ്. വൈദ്യനാഥന്‍, ഗുരുകൃഷ്ണകുമാര്‍, കെ. പരമേശ്വരന്‍, എ. കാര്‍ത്തിക് എന്നിവര്‍ ഹാജരായി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്യാമ സുന്ദരം, അഡ്വ. എം.എല്‍. ജിഷ്ണു വും ഹാജരായി. തന്ത്രിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും ഹാജരായി.
















