തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നിരീക്ഷണ സംവിധാനം ഒരുക്കുന്നു. കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.സ്റ്റോക്കുണ്ട് എന്ന് രേഖയിലുളളതിനപ്പുറം രോഗിക്ക് മരുന്ന് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന മാനദണ്ഡമെന്ന് മന്ത്രി പറഞ്ഞു.
സ്റ്റോക്ക് നില നേരത്തേ നിരീക്ഷിച്ച് കുറവുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഇടപെടുന്നതിനാണ് പുതിയ സംവിധാനമൊരുക്കുന്നത്. ആശുപത്രികളിലെ കൃത്യമായ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗനിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ ഒരുമിച്ച് വിലയിരുത്തും.
ജില്ലാതല സമിതി ആശുപത്രികളിലെ രേഖകളെ മാത്രം ആശ്രയിക്കാതെ ഫാര്‍മസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി മരുന്ന് ലഭ്യത വിലയിരുത്തണം. ഒരു ആശുപത്രിയില്‍ ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് രേഖകളില്‍ ഉണ്ടെങ്കിലും ഫാര്‍മസിയില്‍ സ്റ്റോക്ക് കുറവാണോ, വിതരണത്തില്‍ കാലതാമസമുണ്ടോ, നിലവിലുള്ള സ്റ്റോക്ക് എത്ര ദിവസത്തേക്ക് തികയും തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.
ഒരു ആശുപത്രിയില്‍ ചില മരുന്നുകള്‍ അധികമായുണ്ടെങ്കില്‍ അവ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനും സമിതി ഇടപെടും.നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് ആവശ്യമായ ആശുപത്രിയിലേക്ക് ലഭ്യമായ സ്റ്റോക്ക് പുനര്‍വിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും.
മരുന്നുകളുടെ ലഭ്യതയില്‍ പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കി, പ്രശ്നം എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി അവിടെത്തന്നെ പരിഹരിക്കും. ജില്ലാതല സമിതി ഓരോ ആഴ്ചയും നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ ജനറല്‍ ആശുപത്രികള്‍ വരെയുള്ള ആശുപത്രികളുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ കോളേജുകളിലെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സമര്‍പ്പിക്കണം.
ഓരോ ആശുപത്രിയിലെയും ലഭ്യമായ മരുന്നുകളുടെ പട്ടിക, കുറവുള്ള മരുന്നുകള്‍, രോഗികളുടെ എണ്ണമനുസരിച്ചുള്ള ആവശ്യകത, അടുത്ത കാലയളവില്‍ ആവശ്യമായി വരാനിടയുള്ള മരുന്നുകള്‍, കുറവിന്റെ കാരണം, കെ എം എസ് സി എല്‍ വഴി ലഭിക്കാനുള്ള മരുന്നുകളുടെ വിവരം, സ്വീകരിച്ച പരിഹാര നടപടികള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
വലിയതോതില്‍ മരുന്നുക്ഷാമം കണ്ടെത്തിയാല്‍ പ്രതിവാര റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ല. ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് അടിയന്തരമായി ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ മുരളീധരന് വ്യക്തമാക്കി.
















