കൊല്ലം ; കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനു ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പൊലീസ് നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ഒരു മാസത്തിനുശേഷം ഭർത്താവ് വിദേശത്തേക്കു പോകുകയും അവിടെനിന്നു ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്കു പോയെങ്കിലും ഭർതൃവീട്ടുകാർ തിരികെ വിളിച്ചുകൊണ്ടുവന്നു.
പിന്നീട് ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധ്നങ്ങൾ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നാണു പരാതി. ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30 ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു.
















