ന്യൂദല്‍ഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപം പ്രതിഷേധിച്ച എ എ റഹീം എംപി, വി ശിവദാസൻ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി എന്നിവരടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് മാറ്റി. പ്രതിഷേധം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് ഇടപെട്ടു.
അറസ്റ്റിനിടെ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ച എ എ റഹീം, എംപിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് തന്നെ വലിച്ചിഴച്ചതായി ആരോപിച്ചു. പ്രതിഷേധക്കാരെ ആക്രമിച്ചതുകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ ഐസയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. അസം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസും പ്രതിഷേധിച്ചു; അസമിൽ ലോക്‌സഭാംഗം ഗൗരവ് ഗോഗോയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
















