ബാലഗോകുലം, തപസ്യ, ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം നിരവധി വ്യക്തികളെ അദ്ദേഹം സംഘചിന്തയുടെ ഗംഗാപ്രവാഹത്തിലെത്തിച്ചു. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊന്‍ പേനയും എന്ന കവി സൂചന അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ അതാതുസമയങ്ങളില്‍ സ്വയം സേവകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയും പ്രേരണാ സ്രോതസ്സുമായി പ്രവര്‍ത്തിച്ച ആദര്‍ശത്തിന്റെ ആള്‍രൂപമായ എം.എ. സാറിന്റെ വിയോഗം പ്രായാധിക്യത്തിലാണെങ്കില്‍പ്പോലും അസഹനീയമായി അനുഭവപ്പെടുന്നു.
തീക്ഷ്ണമായ ചിന്തയും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഋജുവായ ചിന്താധാരയും നിരന്തരമായി പ്രവര്‍ത്തകര്‍ക്കു നല്‍കിയ ആചാര്യവര്യനായ ആ ജ്യേഷ്ഠസഹോദരന്റെ ദീപ്ത സ്മരണകള്‍ക്കുമുമ്പില്‍ അനന്തകോടി പ്രണാമങ്ങളര്‍പ്പിക്കുന്നു. ആ ധന്യാത്മാവിന്റെ നിത്യശാന്തിക്കായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പുതുതലമുറയെ ഭാരതീയ പൈതൃകത്തോടും സംസ്‌കാരത്തോടും ചേര്‍ത്തുനിര്‍ത്തി: കേരള ക്ഷേത്രസംരക്ഷണ സമിതി
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എ. കൃഷ്ണന്റെ നിര്യാണത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനുശോചിച്ചു.
ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ബാലമനസുകളില്‍ ഭാരതീയ സംസ്‌കാരവും ശ്രീകൃഷ്ണഭക്തിയും വളര്‍ത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമായിരുന്നു. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പുതുതലമുറയെ ഭാരതീയ പൈതൃകത്തോടും സംസ്‌കാരത്തോടും ചേര്‍ത്തുനിര്‍ത്തുന്നതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
















