തിരുവനന്തപുരം: കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര എന്ന ഒരാശയം വിടവാങ്ങിയ എംഎ സാറിന്റെ (അന്തരിച്ച ആര്‍എസ്എസ് നേതാവ് എം.എ. കൃഷ്ണന്‍) തലച്ചോറില്‍ നിന്നും വന്നതാണെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുല്‍.
“രണ്ടാഴ്‌ച്ചകള്‍ക്ക് മുമ്പും പി. ജയരാജന്‍ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രയെ ചൊല്ലി കരയുന്നത് കണ്ടിരുന്നു…. എം.എ സാര്‍ എന്ന് സ്നേഹവും കരുതലും ബഹുമാനവും കൊണ്ട് പ്രായാഭേദമെന്യേ എല്ലാ സ്വയംസേവകരും വിളിച്ചിരുന്ന ഈ മനുഷ്യന്റെ ആശയം കാരണം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ഉണ്ണിക്കണ്ണന്‍മാരെ കൊണ്ട് നിറഞ്ഞു..”.- യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
“കംസന്‍മാരും പൂതനമാരും ശകടാസുരന്‍മാരും ഒക്കെ ഇന്നും നിര്‍ത്താതെ നിലവിളിക്കുന്നു….
കേരളത്തിന്റെ രാഷ്‌ട്രീയ സാംസ്കാരിക ഭൂമികയില്‍ ഒരേടെഴുതി ചേര്‍ത്ത് എം.എ സാര്‍ മടങ്ങി…. ബഹളങ്ങളില്ലാതെ…. ഒച്ചപ്പാടുകളില്ലാതെ…. ദൃശ്യപത്രമാധ്യമങ്ങളില്‍ കൂറ്റന്‍ തലക്കെട്ടുളില്ലാതെ….
പക്ഷേ ശോഭായാത്രകളും മേല്‍ പറഞ്ഞ നിലവിളികളും അനന്തകാലം തലക്കെട്ട് സൃഷ്ടിച്ചു കൊണ്ടേയിരിക്കും..”..- യുവരാജ് എഴുതുന്നു.
“ആര്‍.എസ്.എസ് ന് മാത്രം ഭൂമിയില്‍ സാധ്യമാകുന്നതാണ് ശാന്തമായ ഈ വരവും തപസ്യയാകുന്ന ജീവിതങ്ങളും നിശ്ശബ്ദമായ കടന്നു പോകലുകളും…. വൈകുണ്ഠത്തിലേക്ക് യാത്രയാകുന്ന എം.എ സാറിന് പ്രണാമം…. വന്ദേ മുകുന്ദ ഹരേ…”.- എന്ന് കൂടി കുറിച്ചുകൊണ്ടാണ് യുവരാജ് ഗോകുലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
















