ന്യൂദല്‍ഹി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല! കുടിശ്ശികയുള്ള ട്രാഫിക് ചലാനുകളെ വൈദ്യുതി ബില്ലുകളുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇ-ചലാന്‍ ഇനത്തില്‍ ഏകദേശം 45,000 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഈ നിര്‍ദ്ദേശം വച്ചത്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്‌ക്കാത്തപക്ഷം അത്തരം വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തടഞ്ഞുവയ്‌ക്കാനും ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാനും അധികൃതര്‍ തയ്യാറാവണമെന്ന് കോടതി നിര്‍ദേശിച്ചു.
പൊലീസ്, മോട്ടോര്‍ വാഹന അധികൃതര്‍ ഇ-ചലാന്‍ നല്‍കിയാല്‍ മാത്രം പോര, പിഴ ഈടാക്കുന്നതിലും ശ്രദ്ധിക്കണം.
‘ആളുകള്‍ ട്രാഫിക് ചലാന്‍ അടയ്‌ക്കുന്നില്ലെങ്കില്‍, അത് അവരുടെ വൈദ്യുതി ബില്ലില്‍ ചേര്‍ക്കുക. അവര്‍ ആ ബില്ലുകള്‍ അടയ്‌ക്കേണ്ടിവരും, അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കപ്പെടും. ഇതേയുള്ളൂ പോംവഴി’ കോടതി പറഞ്ഞു.











