Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ നേതൃത്വത്തില്‍ നടത്തിയ സി.എച്ച്. പ്രതിഭാ ക്വീസ് പരീക്ഷാ ചോദ്യപേപ്പര്‍ ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വഴി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരിട്ട് അയച്ചു പരീക്ഷ നടത്തിയ നടപടി വിവാദമാകുന്നു. ഏതാനും ദിവസം മുമ്പാണ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ അനുമതിയോടെ അദ്ധ്യാപക സംഘടനകള്‍ നടത്തുന്ന പരീക്ഷയുടെ ഭാഗമായി മുസ്ലിം ലീഗ് അനുകൂല സംഘടന വിദ്യാര്‍ത്ഥികള്‍ക്കായി പൊതു വിജ്ഞാന ചോദ്യങ്ങളെന്ന പേരില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്തിയത്. സാധാരണ രീതിയില്‍ അതത് അദ്ധ്യാപക സംഘടനകള്‍ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അദ്ധ്യാപക സംഘടനകള്‍ അവരുടെ സംഘടനാ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷാ ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിക്കുന്നതും പരീക്ഷ നടത്തുന്നതും. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സംവിധാനം അതായത് ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴി ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ചോദ്യപേപ്പര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയത്. രാഷട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ പരിപാടിക്കായി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തതിനെതിരെ മറ്റ് അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചോദ്യപേപ്പറില്‍ ഉള്‍ക്കൊളളിച്ച ചോദ്യങ്ങളും വിവാദമായിട്ടുണ്ട്. പൊതു വിജ്ഞാനവുമായി യാതൊരു ബന്ധവുമില്ലാത്തതും കുട്ടികള്‍ക്ക് അറിവില്ലാത്തതും വര്‍ഗീയ അജണ്ട ഉള്‍ക്കൊളളുന്നതുമാണ് ചോദ്യ പേപ്പര്‍ എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 1921ലെ മലബാര്‍ കലാപത്തിലെ പ്രധാന സംഭവമാണ് പൂക്കോട്ടൂര്‍ യുദ്ധം. പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയെ മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതാണ് യുദ്ധം ആരംഭിക്കാനിടയായ സംഭവം. ആരായിരുന്നു പൂക്കോട്ടുരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി എന്നതാണ് മത്സരത്തിലെ രണ്ടാമത്തെ ചോദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെ മുസ്ലിംലീഗിന്റെ അജണ്ടകള്‍ക്ക് ഉപയോഗപ്പെടുത്താനുളള ഇത്തരം നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Recent Posts