
കൊച്ചി:ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്.ബ്രസീലിനായി ഫെര്‍ണാന്‍ഡീഞ്ഞോ ഹാട്രിക് നേടി. റൊണാള്‍ഡീഞ്ഞോ ഒരു ഗോള്‍ നേടി. ഇന്ത്യ ആള്‍ സ്റ്റാര്‍സിനായി സികെ വിനീത് രണ്ട് ഗോള്‍ നേടി.
ആദ്യ പകുതിയില്‍ ബ്രസീല്‍ 3-1ന് മുന്നിലായിരുന്നു.മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ ആള്‍ സ്റ്റാര്‍സ് ആദ്യം ഗോള്‍ നേടി ലീഡ് പിടിച്ചെങ്കിലും ബ്രസീല്‍ ലെജന്‍ഡ്‌സ് ആദ്യ പകുതി തീരും മുമ്പ് തന്നെ മൂന്ന് ഗോളടിച്ചു.
ഇരു ടീമുകളും തമ്മിലുള്ള ‘റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്’ പ്രദര്‍ശന മത്സര പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു ഇത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ ബ്രസീല്‍ ലെജന്‍ഡ്‌സ് പരാജയപ്പെടുത്തിയിരുന്നു. റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഗോമസ് (ഗോള്‍കീപ്പര്‍), അമാറല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവേര, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍റ്റണ്‍, സൂസ, പാരാ, ഡിയോഗോ തുടങ്ങിയവരാണ് ബ്രസീല്‍ ലെജന്‍ഡ്‌സില്‍ ഉള്ളത്.
മലയാളി താരങ്ങളായ ഐ എംവിജയന്‍, സി കെ വിനീത്, മുഹമ്മദ് റാഫി, ജോപോള്‍ അഞ്ചേരി, റിനോ ആന്റോ, എന്നിവര്‍ ആള്‍ ഇന്ത്യാ സ്റ്റാര്‍സിനായി കളത്തിലിറങ്ങി. ബൈചുംഗ് ബൂട്ടിയ, ക്ലൈമാക്‌സ് ലോറന്‍സ്, എം വി നെല്‍സണ്‍, ഗൗര്‍മാംഗി സിംഗ്, അര്‍ണബ് മണ്ഡല്‍, മഹേഷ് ഗാവ്ലി, മെഹ്റാജുദ്ദീന്‍ വാദൂ, മെഹ്താബ് ഹുസൈന്‍ എന്നിവരും ടീമിലുണ്ടായിരുന്നു.