
ന്യൂഡൽഹി : സൗദി അറേബ്യയിൽ ജുഡീഷ്യൽ നടപടികൾ നേരിടുന്ന ന്യൂനപക്ഷ തമിഴ് യുവാവിനെ രക്ഷിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടണമെന്ന് ശ്രീലങ്കൻ പ്രതിപക്ഷ എംപി പ്രസിഡന്റ് അനുര കുമാര ദിസനായകെയോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ മതനിന്ദ ആരോപിച്ച് പോസ്റ്റ് ചെയ്തതിന് സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പൗരനായ അനോജൻ ശിവരസയെ രക്ഷിക്കണമെന്നാണ് എം പി മനോ ഗണേശൻ ആവശ്യപ്പെടുന്നത്.
ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെ ന്യൂനപക്ഷ തമിഴ് സമുദായത്തിൽ പെട്ടയാളാണ് അനോജൻ . കൽമുനൈയിലെ നാറ്റ്പിട്ടിമുനൈയിൽ താമസിക്കുന്ന അദ്ദേഹം ഒമ്പത് മാസം മുൻപാണ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത് .
സോഷ്യൽ മീഡിയയിൽ മതത്തെ അപമാനിക്കുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അനോജന് ആദ്യം അഞ്ച് വർഷം തടവും 3 ദശലക്ഷം സൗദി റിയാൽ പിഴയും വിധിച്ചു. പിന്നീട് വധശിക്ഷയാക്കി വർദ്ധിപ്പിച്ചതായി അനോജന്റെ അഭിഭാഷകൻ പിന്നീട് റിയാദിലെ ശ്രീലങ്കൻ എംബസിയെ അറിയിച്ചിരുന്നു . അനോജനെ രക്ഷിക്കാൻ നരേന്ദ്രമോദിക്കാകുമെന്നും , അദ്ദേഹത്തിന്റെ സഹായം തേടണമെന്നുമാണ് മനോ ഗണേശൻ ആവശ്യപ്പെടുന്നത്.