മനുഷ്യരില്‍ ശ്രേഷ്ഠനെന്ന് വ്യാസന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള ദ്രോണാചാര്യര്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതും, ഇന്നും വിമര്‍ശനം നേരിടുന്നതും ഏകല്യവനോട് ചോദിച്ചു വാങ്ങിയ ഗുരുദക്ഷിണയുടെ പേരിലാണ്. ഏകലവ്യന്റെ വലതു കൈയിലെ പെരുവിരല്‍ ഗുരുദക്ഷിണയായി മുറിച്ചു വാങ്ങിയ ദ്രോണാചാര്യരുടെ പ്രവൃത്തിയോട് പൊരുത്തപ്പെടാന്‍ ബഹുഭൂരിപക്ഷം മഹാഭാരത വായനക്കാര്‍ക്കും ഇന്നും കഴിയാറില്ല. ദ്രോണരുടെ ശിഷ്യന്മാരോടുള്ള പക്ഷഭേദത്തിന്റെയും ജാതിവിവേചനത്തിന്റെയുമെല്ലാം തെളിവായിട്ടാണ് ദ്രോണാചാര്യരുടെ വിമര്‍ശകന്മാര്‍ ഇതിനെ വിലയിരുത്തുന്നത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരും വനവാസികളുമെല്ലാം ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍പ്പോലും വിവേചനവും ചൂഷണവും അനുഭവിക്കുന്നത് നേരില്‍ കാണുന്ന നമുക്ക് ഇതിഹാസ കാലത്തു നടന്ന ഒരു സംഭവത്തിന്റെ പേരില്‍ കൗമാരക്കാരനായ ഒരു നിഷാദനോട് കാരുണ്യം തോന്നുന്നത് സ്വാഭാവികമാണ്. പോരെങ്കില്‍ തള്ളവിരല്‍ മുറിച്ചു വാങ്ങിയ ആചാര്യന്‍ ബ്രാഹ്‌മണന്‍ കൂടിയാകുമ്പോള്‍ നമ്മുടെ ധാര്‍മ്മികരോഷം ഇരട്ടിക്കും. ഒട്ടും വൈകാരികതയും മുന്‍വിധിയും ഇല്ലാതെ ഈ വിഷയത്തെ സമീപിച്ചെങ്കില്‍ മാത്രമേ ദ്രോണാചാര്യരുടെ പ്രവൃത്തിയുടെ നൈതികത വായനക്കാര്‍ക്ക് ബോദ്ധ്യമാകൂ.
നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനാണ് ഏകലവ്യന്‍ എന്നാണ് പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വിശ്വാസം ശരിയല്ലെന്ന് ഏകലവ്യന്റെ കുലവും പാരമ്പര്യവുമെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമാകും. ശൂരസേനന്റെ സന്തതികളില്‍ മൂത്തയാളായിരുന്നു ഭഗവാന്‍ കൃഷ്ണന്റെ പിതാവായ വസുദേവര്‍. വസുദേവരുടെ സഹോദരിയായിരുന്നു കുന്തി. ശൂരസേനന്റെ മക്കളില്‍ ആണുങ്ങളില്‍ മൂന്നാമനായിരുന്നു ദേവശ്രവസ്സ്. ദേവശ്രവസ്സിന്റെ മകനായിരുന്നു ഏകലവ്യന്‍. ചുരുക്കത്തില്‍ കൃഷ്ണന്റെ പിതൃസഹോദരപുത്രനായിരുന്നു ഏകലവ്യന്‍. ഫലത്തില്‍ കൃഷ്ണന്റെ സഹോദരനും. ഏകലവ്യന്‍ നിഷാദനല്ല, മറിച്ച് യാദവനാണെന്ന് സാരം. യാദവര്‍ ഭ്രഷ്ടരായ ക്ഷത്രിയരാണ്.
മഹാഭാരതത്തെ സംബന്ധിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തിയ ചിന്തകനും പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷ് ഈ വസ്തുത വ്യക്തമായി ഇങ്ങനെ പ്രതിപാദിച്ചിട്ടുണ്ട്. ”ശ്രീകൃഷ്ണന്റെ അച്ഛന്‍ വസുദേവന്റെ അനുജന്‍ ദേവശ്രവസ്സിന്റെ പുത്രനാണ് ഏകലവ്യന്‍. ഈ ബന്ധമനുസരിച്ച് ശ്രീകൃഷ്ണനും ഏകലവ്യനും ഭ്രാതാക്കളാണ്. ജ്യേഷ്ഠന്റെയും അനുജന്റെയും മക്കള്‍. ശത്രുഘ്നനെന്നാണ് ഏകലവ്യന്റെ യഥാര്‍ത്ഥപേര്. ബാല്യത്തില്‍ തന്നെ രക്ഷിതാക്കള്‍ അദ്ദേഹത്തെ കാട്ടിലുപേക്ഷിക്കുകയാണുണ്ടായത്. ഹിരണ്യധനുസ്സ് കാട്ടിലുപേക്ഷിച്ച കുട്ടിയെ എടുത്തു വളര്‍ത്തുകയായിരുന്നു”. (മഹാഭാരതപര്യടനം – ഭാരതദര്‍ശനംഃ പുനര്‍വായന അധ്യായം 19 – പേജ് 178). വീണ്ടും അദ്ദേഹം തുടരുന്നു, ”ഏകലവ്യന്‍ നിഷാദനല്ല. ഹിരണ്യധനുസ്സിന്റെ മകനുമല്ല. ഉപേക്ഷിക്കപ്പെട്ട യാദവനാണ്. യാദവര്‍ ഭ്രഷ്ടരായ ക്ഷത്രിയരും. ഏകലവ്യനില്‍ നിന്നും ദ്രോണര്‍ ചോദിച്ചു വാങ്ങിയ ഗുരുദക്ഷിണയുടെ ആന്തരഗൗരവം മനസിലാക്കുന്നതിന് ഇത്രയും വസ്തുതകള്‍ ധരിച്ചിരിക്കണം. (ഇതേ പുസ്തകം പേജ് 182)
ദേവശ്രവസ്സ് മകനെ കാട്ടിലുപേക്ഷിച്ചു എന്നതല്ലാതെ എന്തിനു വേണ്ടിയാണ് ഉപേക്ഷിച്ചതെന്ന് വ്യാസന്‍ വ്യക്തമാക്കിയിട്ടില്ല. കുട്ടി ജനിക്കുമ്പോള്‍ കാണുന്ന ദുര്‍ലക്ഷണങ്ങളും അശരീരികളുമൊക്കെ കുട്ടിയെ ഉപേക്ഷിക്കുന്നതിന് കാരണമാകാറുണ്ട്. മഹര്‍ഷിമാരും രാജാക്കന്മാരുമൊക്കെ ഇങ്ങനെ പുത്രന്മാരെ ഉപേക്ഷിച്ചതിന് നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.
ഏകലവ്യനെ പാണ്ഡവര്‍ ആദ്യം കാണുന്നത് വനത്തിലെ നായാട്ടിനിടയില്‍ ആണ്. പാണ്ഡവരുടെ നായാട്ടുനായയുടെ വായിലേക്ക് ഒന്നും രണ്ടുമല്ല ഏഴ് അമ്പുകളാണ് ഏകലവ്യന്‍ എയ്തത്. ഈ അസ്ത്രപ്രയോഗം നടത്തിയ വ്യക്തി ആരെന്നുള്ള അന്വേഷണത്തില്‍ നിന്നാണ് അവര്‍ ഏകലവ്യനെ കാണുന്നത്. താന്‍ ഹിരണ്യധനുസ്സിന്റെ പുത്രനും ദ്രോണാചാര്യരുടെ ശിഷ്യനുമാണെന്നാണ് അവന്‍ പാണ്ഡവരോട് പറഞ്ഞത്. തന്നെക്കാള്‍ മികച്ചൊരു ശിഷ്യന്‍ തന്റെ ഗുരുനാഥനുണ്ടെന്ന അറിവ് അര്‍ജുനനെ തെല്ലൊന്ന് ഖിന്നനാക്കി. വിവരം പാണ്ഡവര്‍ ദ്രോണനെ അറിയിച്ചു. വിവരം അറിഞ്ഞ ദ്രോണന്‍ അര്‍ജുനനോടൊപ്പം ഏകലവ്യന്റെ അടുത്തെത്തി. ദ്രോണരെ കണ്ട ഉടന്‍ ഗുരുവിന്റെ പാദം നമസ്‌കാരം ചെയ്ത് ഭവ്യതയോടെ അവന്‍ ഒതുങ്ങി നിന്നു.
”നീ എന്റെ ശിഷ്യനാണെങ്കില്‍ എനിക്ക് ഗുരുദക്ഷിണ തരിക” ദ്രോണര്‍ ഏകലവ്യനോട് ആവശ്യപ്പെട്ടു. ”അങ്ങ് എന്ത് വേണമെന്ന് കല്പിക്കുക. അങ്ങക്ക് സമര്‍പ്പിക്കുവാന്‍ പറ്റാത്തതായി എനിക്ക് ഒന്നുമില്ല” ഏകലവ്യന്‍ മൊഴിഞ്ഞു. ”വലതുകൈയിലെ പെരുവിരല്‍ അറുത്ത് നമുക്ക് നല്‍കുക” ദ്രോണര്‍ ആവശ്യപ്പെട്ട ഗുരുദക്ഷിണ ഇതായിരുന്നു. തന്റെ പെരുവിരല്‍ മുറിച്ച് ഏകലവ്യന്‍ ഗുരുവിന് സമര്‍പ്പിച്ചു. ഏകലവ്യന്റെ ഈ പ്രവൃത്തി വായനക്കാര്‍ക്കിടയില്‍ അയാള്‍ക്ക് വലിയ സഹാനുഭൂതി നേടിക്കൊടുത്തു. ഇതിന്റെപേരില്‍ ഇപ്പോഴും ഏകലവ്യനോട് വലിയ കരുണയും സഹതാപവും കാണിക്കുന്ന ആരും ഒരു വളര്‍ത്തു നായയുടെ വായിലേക്ക് ഏഴ് അമ്പുകള്‍ എയ്തുതറച്ച അയാളുടെ ക്രൂരതയെ കുറിച്ച് മിണ്ടുന്നില്ല.
ഇന്നത്തെ ജനാധിപത്യ യുഗത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നു വിചാരിക്കുക. ഭാരതീയ ന്യായസംഹിത അനുസരിച്ച് വലിയ ശിക്ഷ കിട്ടുന്ന ഒരു കുറ്റമായിട്ട് ആകും ഇത് പരിഗണിക്കുക. ഏകലവ്യനോട് കരുണ കാണിക്കുന്നവര്‍ ഈ സത്യം ഉള്‍കൊള്ളണം. അങ്ങനെയെങ്കില്‍ ഗുരുദക്ഷിണയുടെ പേരില്‍ ദ്രോണര്‍ ഏകലവ്യനു നല്‍കിയ ശിക്ഷ വളരെ ലളിതമായിരുന്നുവെന്ന് വിലയിരുത്തേണ്ടിവരും.
ഭാരതത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും കപ്പം വാങ്ങുന്ന ഹസ്തിനപുരിയിലെ കൊട്ടാരത്തില്‍ എത്തി അവിടുത്തെ സര്‍വ്വസൈന്യാധിപനും ആചാര്യനും രാജഗുരുവുമായ ദ്രോണാചാര്യരെ നേരിട്ട് കണ്ട് സംസാരിക്കുവാന്‍ ഏകലവ്യനു സാധിച്ചു എന്നതുതന്നെ അന്നത്തെ രാജഭരണത്തിന്റെ ഔദാര്യത്തിന്റെ തെളിവാണ്. ഏകലവ്യന്‍ സാധാരണ ഉപജീവനത്തിനുതകുന്ന വിദ്യാഭ്യാസം തേടിയല്ല ദ്രോണനെ കണ്ടത്. രാജ്യരക്ഷയ്‌ക്കു വേണ്ടി ഉപയോഗിക്കുന്ന ധനുര്‍വേദം പഠിപ്പിച്ചു കൊടുക്കണമെന്നാണ് ഏകലവ്യന്‍ ദ്രോണനോട് ആവശ്യപ്പെട്ടത്. വേദം പഠിച്ച് മനഃപാകം വന്ന ഒരാള്‍ക്കു മാത്രമേ ഈ വിദ്യ പഠിപ്പിച്ചു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. രാജ്യരക്ഷയ്‌ക്കുതകുന്ന ധനുര്‍വേദം പഠിക്കേണ്ടത് ഭാവിയില്‍ രാജഭരണം കൈയ്യാളേണ്ട രാജകുമാരന്മാരാണ്. രാജ്യഭരണവും രാജ്യരക്ഷയുമായി ബന്ധപ്പെടാത്ത ഒരാള്‍ അഭ്യസിക്കേണ്ട ഒന്നല്ല ധനുര്‍വേദം.
തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദ്രോണനെ സമീപിച്ചപ്പോള്‍ തന്നെ ദ്രോണാചാര്യര്‍ അത് നിഷേധിച്ചിരുന്നതാണ്. തന്നെ ഗുരുവായി വരിക്കരുതെന്നും ദ്രോണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഗുരുവിന്റെ ആജ്ഞ അനുസരിക്കാതെയും അത് ലംഘിച്ചുമാണ് ദ്രോണന്റെ പ്രതിമ ഉണ്ടാക്കി ഏകലവ്യന്‍ ആയുധാഭ്യാസം സ്വയം ശീലിച്ചത്. ദ്രോണാചാര്യന്റെ ശിഷ്യനാണെന്നു പറഞ്ഞാല്‍ അന്നത്തെ സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനം കിട്ടും എന്ന് ബോദ്ധ്യമുള്ളതിനാലാണ് ഗുരുവിന്റെ പ്രതിമ നിര്‍മ്മിച്ച് അതിനു മുന്നില്‍ നിന്നുകൊണ്ട് ഏകലവ്യന്‍ ആയുധാഭ്യാസം സ്വയം നടത്തിയത്. ദ്രോണാചാര്യര്‍ ശിഷ്യനായി സ്വീകരിക്കാതിരുന്നിട്ടും താന്‍ ദ്രോണന്റെ ശിഷ്യനാണെന്ന് അയാള്‍ വ്യാജപ്രചരണം നടത്തി. ഇങ്ങനെ വ്യാജമായ പ്രചരണം നടത്തുന്നതും കുറ്റകരം തന്നെയാണ്. ഈ പാശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചു വാങ്ങിയ ദ്രോണരുടെ പ്രവൃത്തി തികച്ചും ധാര്‍മ്മികം തന്നെയെന്ന് ആര്‍ക്കും ബോധ്യപ്പെടും.
ഏകലവ്യന്റെ പിന്നീടുള്ള പല പ്രവര്‍ത്തനങ്ങളും അയാളുടെ സ്വഭാവത്തിന്റെ അടിസ്ഥാനമായ ക്രൂരത വെളിവാക്കുന്നതാണ്. താനാണ് യഥാര്‍ത്ഥ വാസുദേവനെന്ന് പറഞ്ഞുനടന്ന പൗണ്ഡ്രക വാസുദേവനുമായി ചേര്‍ന്ന് ഏകലവ്യന്‍ ദ്വാരക ആക്രമിച്ചു. കൃഷ്ണന്‍ അവിടെ ഇല്ലാതിരുന്ന സമയം നോക്കി ആയിരുന്നു ഈ ആക്രമണം. ദ്വാരകയില്‍ നിന്നും സുന്ദരികളായ സ്ത്രീകളെ ഇവര്‍ ബലമായി കടത്തിക്കൊണ്ടു പോന്നു. ഇത്തരം അന്യായങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഏകലവ്യന്റെ പതിവായിരുന്നു. അവസാനം കൃഷ്ണന്‍ തന്നെ ഏകലവ്യനെ നിഗ്രഹിച്ചു എന്നാണ് മഹാഭാരതത്തില്‍ കാണുന്നത്. ഈ വസ്തുതകളൊന്നും പഠിക്കാതെയും ഗ്രഹിക്കാതെയുമാണ് പലരും ഏകലവ്യനെ വാഴ്‌ത്തുന്നതും ദ്രോണനെ ഇകഴ്‌ത്തുന്നതും.
കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവപക്ഷത്തു നിന്നുകൊണ്ട് ധര്‍മ്മപക്ഷത്തിനെതിരെ യുദ്ധം ചെയ്തത് ദ്രോണാചാര്യന്‍ ചെയ്ത അധര്‍മ്മമായിരുന്നു. ഇത് ഒരു ബ്രാഹ്‌മണനു ചേര്‍ന്നതായിരുന്നില്ല. ധര്‍മ്മപക്ഷത്തുനിന്ന പാണ്ഡവരോട് കൗരവര്‍ ചെയ്ത അന്യായങ്ങളും ദ്രോഹങ്ങളും തടയുന്നതില്‍ ദ്രോണര്‍ പരാജയപ്പെട്ടിരുന്നു എന്നതും വിസ്മരിക്കുന്നില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും തങ്ങളുടെ സുനിശ്ചിതമായ ധാര്‍മ്മിക നിലപാടിനെതിരായി പ്രവര്‍ത്തിക്കാത്ത മഹാത്മാക്കളെ നമുക്ക് കണ്ടെത്താന്‍ വിഷമമാണ്.
തന്റെ അന്തകനാകാന്‍ പോകുന്ന ആളിനെ ശിഷ്യനായി സ്വീകരിച്ച് എല്ലാ ആയുധവിദ്യകളും അഭ്യസിപ്പിച്ചു കൊടുത്ത ലോകത്തിലെതന്നെ ഏക ഗുരുനാഥന്‍ ദ്രോണര്‍ ആയിരിക്കും. ദ്രോണനെ നിഗ്രഹിക്കാന്‍ ഒരു പുത്രന്‍ വേണമെന്ന ആഗ്രഹത്തോടെ ദ്രുപദന്‍ നടത്തിയ യജ്ഞത്തില്‍ നിന്നാണ് ധൃഷ്ടദ്യുമ്നന്‍ പിറക്കുന്നത്. ധനുര്‍വ്വേദത്തിന്റെ മുഴുവന്‍ പാഠങ്ങളും തന്റെ ഹന്താവാകാന്‍ പോകുന്ന ധൃഷ്ടദ്യുമ്നന് ദ്രോണര്‍ പകര്‍ന്നുനല്‍കി. സ്വന്തം മരണത്തെ അദ്ദേഹം നിസംഗതയോടെ കണ്ടു. ഒരു സ്ഥിതപ്രജ്ഞനില്‍ മാത്രം കാണാന്‍ കഴിയുന്ന സ്വഭാവസവിശേഷതകളാണിതെല്ലാം. ഇതെല്ലാമാണ് ദ്രോണരെ മഹാഭാരതത്തില്‍ വ്യത്യസ്തനാക്കുന്നത്.
















