Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

റിപ്പോര്‍ട്ടര്‍ ടി വി ഉടമക്കെതിരായ കേസില്‍ എസ് ഐ ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയനും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്നുള്ള ഇഡി നിർദ്ദേശത്തിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി വി ഡി സതീശനും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഈ വിഷയം അവർ തമ്മിൽ സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ അടൂര്‍ സ്വദേശിയായ ദളിത് യുവാവിന് പോലീസ് മര്‍ദ്ദനമേറ്റു എന്ന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകും. ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയോഗിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ റിപ്പോര്‍ട്ടര്‍ ടി വി ഉടമക്കെതിരായ കേസില്‍ എസ് ഐ ടി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാര്‍ശ കത്തില്‍ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അന്വേഷണം ഏതെന്നു സര്‍ക്കാരിന് തീരുമാനിക്കാം. സുപ്രീംകോടതി വിധികള്‍ അടക്കം ചേര്‍ത്തുകൊണ്ടാണ് ഉപദേശം. ഡിജിപിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് എജിയാണ് നിയമോപദേശം നല്‍കിയത്.

Recent Posts