കോട്ടയം: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം ശിക്ഷ വിധിച്ച കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരി അവസാന നിമിഷം ഉന്നയിച്ച വാദങ്ങളും അംഗീകരിച്ചില്ല. ഇന്നലെ രാവിലെ തച്ചങ്കരി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ആളാണെന്നും രണ്ട് ദിവസം മുന്‍പ് നെഞ്ച് വേദനയുണ്ടായെന്നുമായിരുന്നു മറുപടി. തച്ചങ്കരി പദവി ദുരുപയോഗം ചെയ്തെന്നും പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
1987 ബാച്ച് ഐപിഎസ് ഓഫീസറായ ടോമിന്‍ ജെ. തച്ചങ്കരി 2023ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.
മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ മാനേജിങ് ഡയറക്ടറായും കെഎസ്ആര്‍ടിസി, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എന്നിവയുടെ സിഎംഡിയായും അഗ്നിരക്ഷാസേനാ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്‌ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007ല്‍ തച്ചങ്കരി ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെയടക്കം പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ ഡിജിപി, ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.















