Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

Published by
ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍

ലോക രാഷ്‌ട്രങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന വ്യക്തികളിലൊരാളും ഭാരത പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ ജന്മദിനമാണ് നാളെ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ജീവിതഗന്ധിയായ വികസനവും പ്രായോഗികമായ സാമ്പത്തിക വളര്‍ച്ചയും ഇന്നു രാജ്യത്തിന്റെ യാഥാര്‍ത്ഥ്യമാണ്. ‘സബ്കാ സാഥ്, സബ്കാ വികാസ്’ (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം) എന്ന ആപ്തവാക്യം, സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും രാജ്യത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുമുള്ള സാധ്യതകളിലേക്കാണ് നമ്മെ നയിക്കുന്നത്. വികസനത്തിന്റെ ഫലം സമൂഹത്തിലെ അവസാന വ്യക്തിയിലുമെത്തണമെന്നത് വെറും വാചകക്കസര്‍ത്തല്ലെന്ന് ജനം തിരിച്ചറിഞ്ഞു. അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റല്‍ വിപ്ലവം, ആരോഗ്യ ഇന്‍ഷുറന്‍സ് (ആയുഷ്മാന്‍ ഭാരത്) തുടങ്ങി വിപുലമായ പദ്ധതികളിലൂടെ നമ്മുടെ രാജ്യം ഇന്ന് ലോകത്തിനുതന്നെ മാതൃകയായി വളരുകയാണ്. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും ശബ്ദമായി രാജ്യത്തെ അടയാളപ്പെടുത്തിയ വര്‍ഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അധികാരത്തിലേറി 12 വര്‍ഷം പിന്നിട്ടിട്ടും ഗൗരവതരമായ ഒരു ആരോപണം പോലും ഉന്നയിക്കാന്‍ സാധിക്കാത്തത്ര സുതാര്യമാണ് ഭരണം.

യുവാക്കള്‍ നാടിന്റെ സമ്പത്ത്

നാളെയുടെ കരുത്തുറ്റ യുവശക്തിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനായി ഒട്ടേറെ കര്‍മ്മപദ്ധതികള്‍ മോദിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നു. യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കി അവരെ സ്വയംപര്യാപ്തരാക്കാന്‍ ‘സ്‌കില്‍ ഇന്ത്യ’ സഹായിക്കുന്നു. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തികസഹായവും ഇളവുകളും നല്‍കുന്ന ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ലോകത്തിലെതന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളിലൊന്നാക്കി ഭാരതത്തെ മാറ്റി. പ്രതിരോധ മേഖലയില്‍ യുവാക്കള്‍ക്ക് സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം അച്ചടക്കമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ‘അഗ്നിവീര്‍്’ പദ്ധതി വഴിയൊരുക്കി. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മേരാ യുവ ഭാരത്’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമും വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീ ശാക്തീകരണം

സ്ത്രീകള്‍ക്ക് അന്തസ്സും സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നത് കഴിഞ്ഞ പതിറ്റാണ്ടില്‍ അനുഭവവേദ്യമായിരുന്നു. പെണ്‍കുട്ടികളുടെ അതിജീവനവും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ഉപകരിച്ചു. ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’യിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കിയതോടെ അവരുടെ ആരോഗ്യം മെച്ചപ്പെടുകയും വിറകു ശേഖരിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്തു. വനിതാ സംരംഭകര്‍ക്ക് ഈടില്ലാതെ വായ്‌പ നല്‍കുന്ന ‘മുദ്ര യോജന’യിലൂടെ ലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. ‘ലഖ്പതി ദീദി’ പദ്ധതിയാകട്ടെ, സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ വരുമാനം വര്‍ദ്ധിപ്പിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിച്ചു.

അന്നമൂട്ടുന്ന കര്‍ഷകര്‍

അന്നദാതാക്കളുടെ ക്ഷേമം ലക്ഷ്യമിടുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും കാര്‍ഷിക മേഖലയില്‍ ലഭ്യമാക്കി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന ‘പി.എം. കിസാന്‍ സമ്മാന്‍ നിധി’ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി. കാര്‍ഷിക മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി വലിയ നിക്ഷേപങ്ങള്‍ കൊണ്ടുവരാനും പദ്ധതികള്‍ക്കായി. മണ്ണിന്റെ ഗുണനിലവാരം പരിശോധിച്ച് കൃത്യമായ വളപ്രയോഗം നടത്താന്‍ സഹായിക്കുന്ന ‘സോയില്‍ ഹെല്‍ത്ത് കാര്‍ഡ്’ സംവിധാനവും കര്‍ഷകര്‍ക്ക് വലിയ കൈത്താങ്ങാണ്.

വിദ്യാര്‍ത്ഥികള്‍: നാളെയുടെ പ്രതീക്ഷകള്‍

നൂതന വിദ്യാഭ്യാസ രീതികളിലൂടെ വിദ്യാര്‍ത്ഥികളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദശകത്തിലുണ്ടായി. മനഃപാഠം പഠിക്കുന്ന രീതിക്ക് പകരം കഴിവിനും തൊഴില്‍ നൈപുണ്യത്തിനും മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കാന്‍ ‘ദേശീയ വിദ്യാഭ്യാസ നയത്തിന്’ സാധിച്ചു. പരീക്ഷാസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനായി പ്രധാനമന്ത്രി നേരിട്ട് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ‘പരീക്ഷാ പേ ചര്‍ച്ച’ ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ‘ഡിജിറ്റല്‍ ഇന്ത്യ’യിലൂടെ സാധിച്ചു.

രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പദ്ധതികള്‍

ആയുഷ്മാന്‍ ഭാരത്
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴി ലഭ്യമാക്കുന്നു. നിലവില്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും (വരുമാനപരിധിയില്ലാതെ) ഈ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചത് വയോജനങ്ങളുടെ ആരോഗ്യസുരക്ഷയിലെ നിര്‍ണ്ണായക നാഴികക്കല്ലാണ്.

മുദ്രാ യോജന

ചെറുകിട സംരംഭകര്‍ക്ക് ബാങ്ക് വായ്‌പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഈ പദ്ധതി സംരംഭകത്വ മേഖലയ്‌ക്ക് വലിയ വേഗം നല്‍കി. ഈടില്ലാതെ ലഭിക്കുന്ന വായ്‌പയായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ശിശു: 50,000 രൂപ വരെയുള്ള വായ്‌പകള്‍.
കിഷോര്‍: 50,000 മുതല്‍ 5 ലക്ഷം രൂപ വരെ.
തരുണ്‍: 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ.
പുതിയ ബജറ്റ് പ്രകാരം ‘തരുണ്‍ പ്ലസ്’ വിഭാഗത്തിലൂടെ വായ്‌പാപരിധി 20 ലക്ഷം രൂപയായി ഉയര്‍ത്താന്‍ നിര്‍ദ്ദേശമുള്ളതും സ്വാഗതാര്‍ഹമാണ്.

ഡിജിറ്റല്‍ വികസനം

ഭാരതത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായും ഡിജിറ്റല്‍ ശാക്തീകരിക്കപ്പെട്ട സമൂഹമായും മാറ്റുക എന്ന ലക്ഷ്യത്തോടെ 2015 ജൂലൈ ഒന്നിനാണ് ‘ഡിജിറ്റല്‍ ഇന്ത്യ’ മിഷന് തുടക്കമിട്ടത്. ‘പവര്‍ ടു എംപവര്‍’ എന്നതാണ് ഇതിന്റെ ആപ്തവാക്യം.

ഇന്ന് തട്ടുകടകള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വിജയഗാഥയാണ്. രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള ‘ഡിജി ലോക്കര്‍’ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്ന ‘ഭാരത് നെറ്റ്’ തുടങ്ങിയവയും വിപ്ലവം സൃഷ്ടിച്ചു. 5ജി വ്യാപിപ്പിക്കുന്നതിനൊപ്പം 6ജി സാങ്കേതികവിദ്യയിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്കും രാജ്യം കുതിക്കുകയാണ്. ഭാരതീയ ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനം സാധ്യമാക്കുന്ന ‘ഭാഷിണി’ പദ്ധതിയും ഇടനിലക്കാരില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുന്ന ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറും’ ഡിജിറ്റല്‍ രംഗത്തെ പ്രധാന മുന്നേറ്റങ്ങളാണ്.

വികസിത ഭാരതത്തിലേക്കുള്ള പ്രയാണം

കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേവലം സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, ഓരോ പൗരന്റെയും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നവ കൂടിയാണ്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നട്ടെല്ലായ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയത്. സേവനങ്ങള്‍ അഴിമതിരഹിതവും സുതാര്യവുമാക്കാന്‍ ഇവയിലൂടെ സാധിച്ചു.
‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഭാരതം ഇന്ന് ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. 2047ഓടെ ‘വികസിത ഭാരതം’ എന്ന സ്വപ്‌നത്തിലേക്കുള്ള ദൃഢമായ ചുവടുവെപ്പുകളാണ് ഇവയെല്ലാം. വ്യക്തിഗത വികസനത്തിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമഗ്ര വികസനം സാധ്യമാക്കുന്ന ഈ മാതൃക നവഭാരത നിര്‍മ്മിതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.

Recent Posts