Kerala

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ഭാരതത്തില്‍ ഏറ്റവും അധികം സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. ഗുജറാത്തിനാണ് രണ്ടാം സ്ഥാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ പാര്‍ക്കുകളില്‍ ഒന്നായ ജോധ്പൂരിലെ ഭദ്ല സോളാര്‍ പാര്‍ക്ക് രാജസ്ഥാനിലാണ്. ശേഷി 2,245 മെഗാവാട്ട്. രണ്ടാമത്തെ ഏറ്റവും വലിയ സൗരോര്‍ജ ഉത്പാദന സംസ്ഥാനമായ ഗുജറാത്ത് വമ്പന്‍ സോളാര്‍ പാര്‍ക്കുകള്‍ക്ക് പുറമെ ഗാര്‍ഹിക സോളാര്‍ പദ്ധതികളിലും രാജ്യത്ത് ഏറ്റവും മുന്നിലാണ്. കച്ചിലെ ഖാവ്ഡയില്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് (സോളാര്‍-വിന്‍ഡ്) റിന്യൂവബിള്‍ എനര്‍ജി പാര്‍ക്ക് വികസിപ്പിച്ചു വരികയാണ്.

വ്യവസായ-വാണിജ്യ മേഖലകളിലെ സോളാര്‍ പദ്ധതികളിലൂടെ മഹാരാഷ്‌ട്ര മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു കഴിഞ്ഞു. കാറ്റാടിപ്പാടങ്ങള്‍ക്കും സോളാര്‍ പ്രോജക്റ്റുകള്‍ക്കും ഒരുപോലെ പേരുകേട്ട തമിഴ്നാട്, സോളാര്‍ ശേഷിയില്‍ നാലാം സ്ഥാനത്താണ്. രാമനാഥപുരത്തെ കമുതി സോളാര്‍ പവര്‍ പ്രോജക്റ്റാണ് ഇവിടുത്തെ പ്രധാന പദ്ധതി. അഞ്ചാം സ്ഥാനത്തുള്ള കര്‍ണാടകയിലെ തുമകുരു ജില്ലയിലുള്ള പാവഗഡ സോളാര്‍ പാര്‍ക്ക് (2050 മെഗാവാട്ട്) ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോളാര്‍ പാര്‍ക്കാണ്. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും സൗരോര്‍ജ പദ്ധതികളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ കേരളം തളരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Recent Posts