മുംബൈ: രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ യാത്രചെയ്യാനുള്ള ബാരിയര്‍- രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നു. സമ്പൂര്‍ണ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനം പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് പ്രതിവര്‍ഷം 20,000 കോടി മുതല്‍ 25,000 കോടി രൂപ വരെ അധിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഫാസ്ടാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എന്‍പിആര്‍) സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് തടസമില്ലാ ടോള്‍ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി മള്‍ട്ടിലൈന്‍ ഫ്രീഫ്‌ളോ പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയിലെ ഒരു ടോള്‍ പ്ലാസയില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് രാജ്യത്താകമാനം പദ്ധതി നടപ്പിലാക്കുന്നത്. 2027 മാര്‍ച്ച് മാസത്തോടെ ദേശീയപാതകളിലെ മുഴുവന്‍ ടോള്‍ ബൂത്തുകളെയും തടസരഹിതമാക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷം ഡിസംബറോടെ 70 ശതമാനത്തിലധികം ടോള്‍ പ്ലാസകളും പുതിയ സംവിധാനത്തിലേക്ക് മാറുമെന്ന് മുംബൈയില്‍ സംഘടിപ്പിച്ച ‘ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2026’-ല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നൂതന സംവിധാനം പൂര്‍ണതോതിലാകുന്നതോടെ 7,000 മുതല്‍ 8,000 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ ഫാസ്ടാഗ് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കുന്ന ‘വണ്‍ടാഗ്’ പോര്‍ട്ടബിലിറ്റി സേവനവും മന്ത്രി പുറത്തിറക്കി. ‘രാജ്മാര്‍ഗ് യാത്ര’ ആപ്പ് വഴി വാഹന ഉടമകള്‍ക്ക് തങ്ങളുടെ ഫാസ്ടാഗ് എളുപ്പത്തില്‍ പുതിയ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ട്രക്കുകളിലെ അമിതഭാരം കണ്ടെത്തുന്നതിനായി നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഐടി, ഫിന്‍ടെക് വിദഗ്ധരോട് മന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാസ്ടാഗ്, വാഹനം, ഇന്‍ഷുറന്‍സ്, ബാങ്കിങ് എന്നിവയെ ഏകോപിപ്പിച്ച് ശക്തമായ ഒരു ഡിജിറ്റല്‍ ഇക്കോസിസ്റ്റം നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.











