സുദീര്‍ഘമായ തന്റെ ജീവിതത്തിലുടനീളം ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച്, പതറാതെ നിന്ന വ്യക്തിയായിരുന്നു വേലായുധമേനോന്‍ കൊറാത്ത് എന്ന വി.എം. കൊറാത്ത്. ഭൗതികമായ കാഴ്ചപ്പാടില്‍, ആദര്‍ശത്തിലൂന്നി നയിച്ച ജീവിതത്തില്‍ പല നഷ്ടങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ആ നഷ്ടങ്ങള്‍ യഥാര്‍ത്ഥത്തില്‍ കൊറാത്തിന്റെ വ്യക്തിത്വത്തെ തിളക്കിത്തിളക്കി ഉദാത്തമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുകയാണുണ്ടായതെന്ന് സാകല്യേന പരിശോധിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.
ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത്, വിദ്യാര്‍ത്ഥികളോടുള്ള ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സ്‌കൂള്‍ വിട്ടിറങ്ങി, സമരം നയിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചത് ആദര്‍ശപ്രേരിതമായ ആദ്യത്തെ നീക്കം. പഠിപ്പ് പൂര്‍ത്തിയാക്കാനാവാതെ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയില്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ കിട്ടിയ ജോലി രാജിവെച്ച് താരതമ്യേന ശമ്പളം കുറഞ്ഞ മാതൃഭൂമിയിലെ പ്രൂഫ് റീഡര്‍ തസ്തികയില്‍ ചേര്‍ന്നത് അടുത്ത കഥ. കേസും ജയിലും പ്രക്ഷോഭവുമായി സ്വാതന്ത്ര്യലബ്ധി വരെ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ചു. ആ പാര്‍ട്ടി അധികാരത്തിലും ഭരണത്തിലും എത്തിയപ്പോള്‍ നടന്ന അഴിമതിയും സ്വജനപക്ഷപാതവും കണ്ടതിനെ തുടര്‍ന്ന് ആ പാര്‍ട്ടിയോട് വിട പറഞ്ഞത് ആദര്‍ശധീരതയുടെ തുടര്‍ച്ച. പിന്നെ അന്ന് ആര്‍ക്കും വേണ്ടാത്ത സര്‍വ്വോദയം, ഭൂദാനയജ്ഞം തുടങ്ങിയ ഗാന്ധിയന്‍ രീതിയിലേക്ക്…
കൊറാത്തിന്റെ ജീവിതകഥ അങ്ങനെയാണ് നീങ്ങുന്നത്. അനാഥാവസ്ഥയിലായ മലബാര്‍ ക്ഷേത്രങ്ങളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു. സ്വതന്ത്ര ഭാരതത്തില്‍ ഗ്ലാമറില്ലാതെ പോയ ആധ്യാത്മിക മേഖല, കലാ-സാഹിത്യരംഗങ്ങളില്‍ അവഗണിക്കപ്പെട്ട ദേശീയ ബോധം വീണ്ടെടുക്കാന്‍, മാതൃഭൂമിയിലെ പത്രപ്രവര്‍ത്തനത്തോടൊപ്പം പത്രജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും സ്വയം ജീവിച്ച് കാണിക്കുകയും ചെയ്തത്… ഇതൊക്കെ പൊതുവേ ലഭിക്കുമായിരുന്ന സുഖസൗകര്യങ്ങള്‍ വഴിമാറാന്‍ ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ അതോരോന്നും കൊറാത്തിന്റെ വ്യക്തിത്വശോഭ ഒന്നിനൊന്ന് ഉജ്വലിപ്പിച്ചതേയുള്ളൂ.
സ്‌നേഹിച്ച് അര്‍പ്പിതമനസ്‌കനായി സേവനമനുഷ്ഠിച്ച മാതൃഭൂമിയില്‍ നിന്ന് നേരിടേണ്ടിവന്ന ദുരവസ്ഥകളെക്കുറിച്ച് എഴുതാന്‍ വേണ്ടപ്പെട്ട ചിലര്‍ നിര്‍ബന്ധിച്ചപ്പോള്‍ ആ അഭ്യര്‍ത്ഥന കേട്ടപാടേ നിരസിച്ച കൊറാത്ത് ഓര്‍മയിലുണ്ട്. പ്രൂഫ് റീഡറായി പത്രത്തില്‍ ചേര്‍ന്ന തന്നെ ഡെപ്യൂട്ടി എഡിറ്റര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി സകല സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിച്ച മാതൃഭൂമിക്ക് ദോഷകരമായി ഒന്നും താനായിട്ട് ചെയ്യില്ല എന്ന നിഷ്‌കപടമായ നിലപാട്!
പത്രപ്രവര്‍ത്തനം സമൂഹത്തെ സേവിക്കാനുള്ള ഉപാധിയാണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഒരു ജീവനോപായം ആയി പത്രപ്രവര്‍ത്തനത്തെ കാണരുത്. വാര്‍ത്ത നിഷ്പക്ഷമായി ജനങ്ങള്‍ക്കെത്തിക്കുക, ജനങ്ങളെ സ്വതന്ത്രമായി അഭിപ്രായം രൂപവത്കരിക്കാന്‍ സഹായിക്കുക, ജനാഭിപ്രായം പ്രതിഫലിപ്പിക്കുക. അതാണ് മാധ്യമങ്ങളുടെ ചുമതല, എന്തെഴുതുമ്പോഴും വായനക്കാരനുവേണ്ടിയാണ് താന്‍ ചെയ്യുന്നതെന്ന വിചാരം ഉണ്ടാവണം.
സുഹൃത്തുക്കള്‍ അദ്ദേഹത്തിനൊരു ദൗര്‍ബല്യമായിരുന്നു. തമ്മില്‍ പരിചയപ്പെട്ടവരെയെല്ലാം സുഹൃത്തുക്കളാക്കുകയും ചെയ്യും. ഇഷ്ടപ്പെട്ടവര്‍ പറയുന്നതെന്തും കണ്ണടച്ച് വിശ്വസിക്കും, അന്ധമായി. പിന്നെ അത് സമയവും തരവും നോക്കാതെ പറയുകയും ചെയ്യും! ഈ സ്വഭാവം പല പ്രിയപ്പെട്ടവരേയും അദ്ദേഹത്തില്‍ നിന്ന് അകറ്റാനും ഇടയാക്കിയിട്ടുണ്ട്.
തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ തന്റെ കുടുംബത്തെ വേണ്ട പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. 49 അധ്യായമുള്ള, 309 പേജുള്ള തന്റെ ആത്മകഥയിലെ ഒടുവിലത്തെ അധ്യായമാണ്. 13 പേജാണ് കുടുംബവിശേഷം പറയാന്‍ അദ്ദേഹം നീക്കിവെച്ചത്!.. പ്രണയം, വിവാഹം, കഷ്ടപ്പാടുകള്‍, മക്കളുടെ വിശേഷം… എല്ലാം ശ്ലോകത്തില്‍ കഴിച്ചു എന്നു തന്നെ പറയാം. അദ്ദേഹത്തിന്റെ ലളിതവും ആകര്‍ഷകവുമായ ആഖ്യാനശൈലിയില്‍ വിസ്തരിച്ചെഴുതാവുന്നത്രയും സംഭവബഹുലമാണ് ആ ജീവിതം എന്ന് ‘ഓര്‍മയുടെ നിലാവ്’ എന്ന ആത്മകഥ വായിച്ചാല്‍ ആരും സമ്മതിക്കും. അദ്ദേഹം സമൂഹത്തെ സേവിക്കാനുള്ള വ്യഗ്രതയില്‍ കുടുംബത്തിനും തനിക്കുതന്നെയും അത്ര പ്രാധാന്യമേ കൊടുക്കുന്നുള്ളൂ എന്നേ കരുതാനാവൂ.
മാതൃഭൂമിയില്‍നിന്ന് പിരിഞ്ഞ ശേഷം നാലുവര്‍ഷം ജന്മഭൂമി മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചു. കുറച്ചുകാലം രാഷ്‌ട്രവാര്‍ത്ത എന്ന പത്രം സ്വന്തമായി നടത്തിയിട്ടുമുണ്ട്. ദേശീയപ്രക്ഷോഭത്തിലൂടെ പത്രപ്രവര്‍ത്തനത്തിലെത്തിയ ഇദ്ദേഹത്തിന് മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരെപ്പോലെ ജോലിയില്‍മാത്രം ശ്രദ്ധിച്ച് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അമ്പതുകളുടെ ആരംഭത്തില്‍ കോണ്‍ഗ്രസ്സ് രാഷ്‌ട്രീയത്തില്‍ ആഭിമുഖ്യം നഷ്ടപ്പെട്ട കൊറാത്ത് കേളപ്പജിയുടെ പാത പിന്തുടര്‍ന്ന് സര്‍വോദയത്തില്‍ എത്തി. ഗുരുവിനോടൊപ്പം പിന്നെ ക്ഷേത്ര സംരക്ഷണ സമിതിയിലെത്തി. അങ്ങാടിപ്പുറം തളിക്ഷേത്രസമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു കൊറാത്ത്. അതുവഴി രാഷ്‌ട്രീയ സ്വയംസേവക സംഘത്തോടടുത്തു. അടിയന്തരാവസ്ഥക്കാലത്ത് കേസരിവാരികയ്‌ക്ക് എതിരെയുണ്ടായ പോലീസ് നടപടിയെ ചെറുക്കാന്‍ കൊറാത്ത് രംഗത്തിറങ്ങി. ആ ശ്രമം വിജയിച്ചു.
സാഹിത്യ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ദേശീയബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു സാംസ്‌കാരിക സംഘടന എന്ന ആശയവുമായി എഴുപതുകളുടെ ആദ്യം കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന്‍, പി. പരമേശ്വര്‍ജി, പി. മാധവ്ജി തുടങ്ങിയവര്‍ മുന്നോട്ടുവരുമ്പോള്‍ അവരിലൊരാളായി കൊറാത്തും ഉണ്ടായിരുന്നു. സാഹിത്യ പരിഷത്തിന്റെ പ്രഭാവം ഏറെക്കുറെ അസ്തമിച്ചിരുന്നു. പരിഷത്ത് പോലെ എല്ലാത്തരം ആശയഗതിക്കാര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാവുന്ന, ദേശീയ മൂല്യങ്ങളെ അംഗീകരിക്കുന്ന സാഹിത്യ-കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു സംഘടന. അങ്ങനെയാണ് തപസ്യ ഉണ്ടാവുന്നത്. ആ സംഘടനയുടെ പ്രസിഡന്റായും മാര്‍ഗദര്‍ശിയായും മറ്റും തന്റെ അന്ത്യനാളുകള്‍ വരെ അദ്ദേഹം അവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
തെളിഞ്ഞതും മൂര്‍ച്ചയുള്ളതുമായ ഭാഷാശൈലിയായിരുന്നു കൊറാത്തിന്റേത്. ജന്മഭൂമി, കേസരി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടെ പതിവായി എഴുതി. ആര് ചോദിച്ചാലും ലേഖനം എഴുതിക്കൊടുക്കുന്നതായിരുന്നു രീതി. ദൗര്‍ഭാഗ്യത്തിന് അതിന്റെയൊന്നും കോപ്പി സൂക്ഷിച്ചുവെയ്‌ക്കുന്ന ശീലം ഇല്ലാതെപോയി. അതിനാല്‍ അദ്ദേഹത്തിന്റെ രചനകളുടെ സമാഹാരം എന്നത് പിന്‍ഗാമികളുടെ സ്വപ്‌നം മാത്രമായി അവശേഷിച്ചു. ലക്ഷ്മണന്‍ എന്ന തൂലികാനാമത്തില്‍ കൊറാത്ത് മാതൃഭൂമിയിലും പിന്നീട് ജന്മഭൂമിയിലും തപസ്യ ജിഹ്വയായ വാര്‍ത്തികത്തിലും കൈകാര്യം ചെയ്തിരുന്ന പംക്തി വായനക്കാരുടെ ഇഷ്ടവിഭവമായിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി പ്രസ് അക്കാദമി- ഇന്നത് മീഡിയ അക്കാദമി ആണ്- ഏര്‍പ്പെടുത്തിയ എം.വി. പൈലി സ്മാരക അവാര്‍ഡ് ആദ്യമായി നല്‍കിയത് കൊറാത്തിനാണ്. കേരള പ്രസ് അക്കാദമി ഫാം ജേര്‍ണലിസം അവാര്‍ഡ്, കേസരി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.
വേദ് മേത്തയുടെ ‘മുഖത്തോടുമുഖം’ എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘ഓര്‍മയുടെ നിലാവ്’ എന്ന ആത്മകഥ മരണാനന്തരം പുറത്തിറങ്ങി.
പുന്നോളി കൊറാത്ത് കുമ്മിണിക്കുട്ടി അമ്മയുടെയും പരമേശ്വരന്‍ മൂസ്സതിന്റെയും മകനായി 1926 സപ്തംബര്‍ 15-ന് കടലുണ്ടിയില്‍ ജനനം. ഫാറുഖ് കോളജിനടുത്തുള്ള ശ്രീഹരിയില്‍ ആയിരുന്നു താമസം. ഫാറൂഖ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന പരേതയായ കെ.ഐ. പദ്മിനിയാണ് ഭാര്യ. മക്കള്‍: ഹരീന്ദ്രനാഥ്, പരേതയായ ഉഷ. മരുമക്കള്‍: ബേബി പ്രസക്ത, എ. കൃഷ്ണകുമാര്‍. 2005 ജൂണ്‍ 4ന് വിടപറഞ്ഞു.
(തപസ്യ സംസ്ഥാന അധ്യക്ഷനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും ജന്മഭൂമി മാനേജിങ് എഡിറ്ററുമായിരുന്നു ലേഖകന്‍)













