33
കാമാഖ്യമായ് ഭുവനരൂപാഖ്യമായ് കമല –
വാസാഖ്യമായ വാഗ്ബീജം
ശ്രീവിദ്യയായ ശുഭമന്ത്രത്തിലാക്കി രസ –
യോഗം വരുത്തി യോഗീന്ദ്രര്‍
നിത്യം ജപിപ്പു മണിരത്‌നാക്ഷമാലയൊടു-
ശുദ്ധാന്തമായ ശിവകുണ്ഡേ
സ്വര്‍ദ്ധേനുവാലെയഭിഷിക്താംഗിയായ് വിലസു-
മഗ്‌നിസ്വരൂപിണി ജയിപ്പൂ!
34
ആനന്ദഭൈരവി, മഹാദേവി, നിന്നുടയ
രൂപം രവീന്ദുകുചയുഗളം
കാണുന്നു ഞാ,നഖിലഭൂതേശ്വരന്നു പര-
മാനന്ദരൂപമുടലായ്
മൂലം നവാവരണകോലം കലര്‍ന്നിരുവ-
രാടുന്നു ലോകനടനം ഹാ!
ചേരുന്നു ശേഷനിതി ശേഷീത്യഭിജ്ഞകളു –
മാഹന്ത! നിങ്ങളിരുവര്‍ക്കും
35
ചിച്ഛക്തി നീ, മനസുമാകാശവും ഭവതി –
യപ്പോലെ, കാറ്റുമെരിതീയും
കല്പാന്തകപ്രളയജലവും വസുന്ധരയു –
മിക്കണ്ടതൊക്കെയവിടുന്നേ !
നില്ക്കുന്നു നീ ജനനി, മുപ്പാരിടങ്ങളെയു-
മൊക്കെക്കടന്നു പൊരുളായി
ചില്ക്കാതലേ, പരിണമിക്കുന്നു നീ, ശിവനു
ചിത്തം കുളിര്‍ത്തു നടമാടാന്‍ !













