കൊച്ചി: ഐവിഎഫിനു (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭ്രൂണങ്ങള്‍ 43 കാരിയായ വിധവയ്‌ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരിയായ ഭാര്യയുടെ മാതാവാകാനുള്ള ആഗ്രഹം മാനിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
വിധവയ്‌ക്ക് ശീതീകരിച്ച ഭ്രൂണങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച ആശുപത്രി, മരണശേഷം അവ ഭാര്യക്ക് കൈമാറാന്‍ ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി യുടെ നടപടിക്രമങ്ങളില്‍ ദമ്പതികള്‍ ഒപ്പിടേണ്ട ശരിയായ സമ്മതപത്രമല്ല ആശുപത്രി നല്‍കിയതെന്ന് കോടതി വിലയിരുത്തി.
ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന ഇണയ്‌ക്ക് ഭ്രൂണങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ഓപ്ഷന്‍ ഇല്ലാത്ത ഒരു സമ്മതപത്രമാണ് ആശുപത്രി അധികൃതര്‍ ഒപ്പിടിവിച്ചുവച്ചിരുന്നത്. സമ്മതപത്രത്തില്‍, ഇണകളില്‍ ആരെങ്കിലും മരിച്ചാല്‍ ഭ്രൂണം അജ്ഞാത ദമ്പതികള്‍ ഉപയോഗിക്കണം, ഗവേഷണത്തിനായി ഉപയോഗിക്കണം, നശിപ്പിക്കണം എന്നീ മൂന്ന് ഓപ്ഷനുകള്‍ മാത്രമാണുണ്ടായിരുന്നത്.
ഐവിഎഫിന് വിധേയരായ ദമ്പതികളില്‍ നിന്ന് സമ്മതം വാങ്ങേണ്ട നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമ പ്രകാരം, ഇണകളില്‍ ആരെങ്കിലും മരിച്ചാല്‍ ഭ്രൂണം ജീവിച്ചിരിക്കുന്ന ഇണയ്‌ക്ക് കൈമാറുന്നതിനുള്ള ഓപ്ഷന്‍ നല്‍കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
(ശരീരത്തിന് പുറത്തുള്ള ലബോറട്ടറിയില്‍ വെച്ച് അണ്ഡവും ബീജവും സംയോജിപ്പിച്ച് ബീജസങ്കലനം നടത്തുന്ന ഫെര്‍ട്ടിലിറ്റി ചികിത്സയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. വന്ധ്യത പരിഹരിക്കാനും ഗര്‍ഭധാരണത്തിന് സഹായിക്കാനുമായി ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി ആണിത്)
.
















