Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Published by
ആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ട

30
ഹൃദയാംബുജേ സതതമരുണോദയപ്രഭയി –
ലവിടുത്തെ രൂപമഴകോട –
ങ്ങണിമാദിയാവരണകലകള്‍ കലര്‍ന്നു ശുഭ –
മഹമംബയെന്നു കരുതുന്നോന്‍
ത്രിപുരാന്തകന്‍ ശിവനു സമനായവന്‍ ഭുവന-
മഖിലം ഭരിക്കുമതുമല്ലീ-
പ്രളയാനലങ്ങളുടെ വിളയാടല്‍ കര്‍പ്പൂര –
വിധിയായ് ഭവിക്കുമതിചിത്രം !

31
പ്രത്യേകമായ ചില ഭോഗങ്ങള്‍ നേടുവതി –
നത്യാദരേണ പരമേശന്‍
പ്രീത്യാ മഹാതന്ത്രമറുപത്തുനാലുമഥ
തീര്‍ത്തങ്ങു സ്വസ്ഥമിളവേറ്റാന്‍
എന്നിട്ടുമംബ, തവ നിര്‍ബന്ധബുദ്ധിയതി –
ലന്തര്‍ഭവിച്ചു , പുരുഷാര്‍ത്ഥ-
ച്ചെന്താമരപ്പൂക്കളൊന്നായ് വിടര്‍ന്ന തവ
തന്ത്രം ചമച്ചു ചരിതാര്‍ത്ഥന്‍

32
ശിവശക്തി കാമരതി മുതലായ നാമമതി –
ലതിഗുഹ്യബീജവരവര്‍ണം
പരിചോടിണക്കിയമൃതൊഴുകുംപടിക്കു തവ
മഹനീയമന്ത്രമുണരുന്നു
നാലഞ്ചു മൂന്നിവയില്‍ ഹ്രീങ്കാരനാദമതു
ചേരുംപടിക്കു പതിനഞ്ചാം
വാഗ്രൂപമാര്‍ന്ന തനു വാഴ്‌ത്തുന്നു ദേവഗണ –
മാശ്ചര്യഭക്തിരസപൂര്‍ണം

Recent Posts