ആലപ്പുഴ; സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കു താന്‍ ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരന്‍ എംഎല്‍എ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിനു കീഴില്‍ ജോലി നല്‍കിയിട്ടുണ്ടെന്നാണ് സുധാകരൻ വെളിപ്പെടുത്തിയത്.
‘‘ പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ മാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രഫസര്‍ ആയിരുന്നു. വീട്ടുജോലിക്കാരിക്കു വീട് വയ്‌ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിതു നല്‍കിയത് ഭാര്യയാണ്.
എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്. 19 ഒഴിവ് വന്നപ്പോള്‍ ആദ്യനിയമനം അവര്‍ക്കായിരുന്നു. ഹോസ്പിറ്റലില്‍ ചിത്തരഞ്ജന്റെ ഭാര്യക്കു ജോലി കൊടുത്തു. അങ്ങനെ ഒരുപാടു പേര്‍ക്ക്.
എന്റെ വീട്ടിലെ ഒരാള്‍ക്കു പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി ബികോം എച്ച്ഡിസി പാസായ ആളാണ്. ഞാന്‍ ജോലി കൊടുത്തിട്ടില്ല ‘ – സുധാകരൻ പറഞ്ഞു. ജി. സുധാകരന്റെ ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങള്‍ പുറത്തു വിടണമെന്ന് എച്ച്.സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുധാകരന്റെ വിശദീകരണം.
















