തിരുവനന്തപുരം : പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. പൊതുസ്ഥലങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇവ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്വമായിരിക്കും. പിഴ ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാരില്‍ നിന്ന് അത് ഈടാക്കും. ബോര്‍ഡുകള്‍ നീക്കാന്‍ ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കും.
നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണം. ഇവ നീക്കം ചെയ്യുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം. ഇതിനു പുറമെ പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
















