ഹിമാലയത്തില്‍ ഒരേസമയം സാധനാ സമ്പന്നരായിരുന്ന മഹാത്മാക്കളാണ് സ്വാമി തപോവനം, സ്വാമി പുരുഷോത്തമാനന്ദ പുരി, സ്വാമി ശിവാനന്ദ സരസ്വതി എന്നിവര്‍. ഹിമവദ് വിഭൂതികളായാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1887 സപ്തംബര്‍ എട്ടാം തീയതി അരുണോദയ സമയത്താണ് ശിവാനന്ദ സ്വാമികളുടെ ജനനം. കുപ്പുസ്വാമി എന്നായിരുന്നു പൂര്‍വാശ്രമ നാമം. ഋഷികേശിലെ ശിവാനന്ദ ആശ്രമത്തിന്റെ സ്ഥാപകനായിത്തീര്‍ന്നു പിന്നീട് ശിവാനന്ദ സ്വാമികള്‍. ആദ്യകാലത്ത് ആനന്ദകുടീരം എന്നാണ് ഈ ആശ്രമം അറിയപ്പെട്ടിരുന്നത്. തഞ്ചാവൂരിലെ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ കുപ്പുസ്വാമി, ആതുരശുശ്രൂഷാരംഗത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രശസ്തനായി. അദ്ദേഹം മലയായില്‍ ജോലിയില്‍ പ്രവേശിച്ചു.
1923ല്‍ അവിടത്തെ ജോലി രാജിവെച്ച് അദ്ദേഹം ഭാരതത്തിലേക്ക് കപ്പല്‍ കയറി. അതിനുശേഷം വിവിധ തീര്‍ത്ഥ സ്ഥലങ്ങളിലൂടെ അലഞ്ഞ് 1924 ജൂണ്‍ ഒന്നിന് ഋഷികേശിലെത്തി.
സംന്യാസ ദീക്ഷയ്‌ക്കുശേഷം, ഹിമാലയത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സംന്യാസിമാര്‍ക്കും വേണ്ടിണ്ട ആതുരശുശ്രൂഷ ചെയ്യുക എന്നത് ശിവാനന്ദ സ്വാമികള്‍ ജീവിതവ്രതമായെടുത്തു. 1927-ല്‍ അദ്ദേഹം ഒരു ഡിസ്‌പെന്‍സറി ഋഷികേശില്‍ ആരംഭിച്ചു. തുടര്‍ന്ന് സ്വര്‍ഗ്ഗാശ്രമസാധുസംഘം എന്ന പേരില്‍ ഒരു സംഘടന ഉണ്ടണ്ടാക്കി. 1931-ല്‍ ശിവാനന്ദ സ്വാമികള്‍ കൈലാസ യാത്രയും, മാനസസരോവര്‍ ദര്‍ശനവും നടത്തി. 1936 ജനുവരിയില്‍ ഡിവൈന്‍ ലൈഫ് സാസൈറ്റി (ദിവ്യജീവന സംഘം) ആരംഭിച്ചു. സ്വാമികള്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച മറ്റൊരു പ്രശസ്ത ആത്മീയ സ്ഥാപനമാണ് യോഗവേദാന്ത ഫോറസ്റ്റ് അക്കാദമി.
നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയതായിരുന്നു ശ്രീമദ് ശിവാനന്ദ സ്വാമികളുടെ ജീവിതം. 1963 ജൂലൈ 14-ാം തീയതി ആ പുണ്യാത്മാവ് മഹാസമാധിയായി. സ്വാമി ചിന്മയാനന്ദജി, വിഷ്ണുദേവാനന്ദജി തുടങ്ങി അനേകംപേര്‍ അദ്ദേഹത്തിന്റെ സംന്യാസ ശിഷ്യരായിരുന്നു.
















