18
സിന്ദൂരസൂര്യതനുകാന്തിപ്രവാഹമതി –
ലമ്പോടു മൂന്നുലകുമമ്മേ
ചെമ്പഞ്ഞിനീരിലിഹ മുങ്ങിക്കുളിച്ച വിധ –
മുള്ളം തെളിഞ്ഞൊരുവനോര്‍ക്കില്‍
മിന്നിത്തെറിച്ച വനമാനിന്റെ കണ്ണഴകു-
മുന്നില്‍ കളിച്ചു രസമേലും
വിണ്ണിന്‍ മനോഹരികളെല്ലാമവന്നു രതി
കല്ലോലലീലയരുളീടും
19
രതിപത്മമതില്‍ ബിന്ദു മുഖമായ് നിനച്ചടിയി-
ലിളകുന്ന കുചയുഗ്മകലയും
ചുവടേ തിരുക്കോണമതിലംബ നിന്‍ കാമ –
കലയും ഭജിപ്പോരു പുരുഷന്‍
വനിതാജനങ്ങള്‍ മനയമുനാനദിക്കരയി-
ലളിവര്‍ണനാകുമതുമല്ലീ-
രവിചന്ദ്രമുലയേലുമുലകായ പെണ്ണിനെയു-
മതിവേഗമിട്ടു വലയിക്കും
20
അമൃതം ചുരന്നൊഴുകുമുടലാര്‍ന്ന ദേവി തവ
മധുചന്ദ്രകാന്തമണിബിംബം
ഹൃദയത്തിലമ്പൊടു പ്രതിഷ്ഠിച്ചു മന്ത്രജപ –
സഹിതം സദാ ഭജന ചെയ്വോന്‍
വിഷദര്‍പ്പമാര്‍ന്ന കൊടുസര്‍പ്പങ്ങള്‍ തന്‍ നടുവില്‍
ഗരുഡാഭനായി നിലകൊള്ളും
കരുണാര്‍ദ്രമായ നിജമിഴിയാല്‍ ജ്വരാക്രാന്ത –
മനുജര്‍ക്കു സൗഖ്യമരുളീടും












