കൊച്ചി: പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി അവധി നിഷേധിക്കുന്നത് നിയമ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാരുടെ ഹര്‍ജിയാണ് തള്ളിയത്.
ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതര്‍ പരോള്‍ നിഷേധിച്ചിരുന്നത്.അവധി നിഷേധിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ചയില്ലെന്ന് കോടതി പറഞ്ഞു.
പ്രതികള്‍ക്ക് നേരത്തെ പരോള്‍ അനുവദിച്ചപ്പോള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ഒരേസമയം ഒന്നില്‍ കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും നിബന്ധനകള്‍ വച്ചിരുന്നു. എന്നാല്‍ ഈ നിബന്ധനകള്‍ പിന്നീട് ഹൈക്കോടതി തന്നെ റദ്ദാക്കി.പിന്നാലെയാണ് ഇവര്‍ക്ക് പരോള്‍ നല്‍കാതിരുന്നതിനെതിരെ കോടതിയലക്ഷ്യമുള്‍പ്പടെ ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.
















