Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് കോര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് ചൈനീസ് താരം ചിന്‍വെന്‍ ഷെങ്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ പോളണ്ടിന്റെ ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ഷെങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ആദ്യ സെറ്റില്‍ 05 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷമാണ് സ്വിയാടെക്കിനെ ഞെട്ടിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-5, 6-3) ഒളിമ്പിക് ചാമ്പ്യന്‍ കൂടിയായ ഷെങ് അവിശ്വസനീയ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ സ്വിയാടെക് ആദ്യ അഞ്ച് ഗെയിമുകളും നേടി സെറ്റ് ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാല്‍ അവിടെനിന്ന് തുടങ്ങിയ ചിന്‍വെന്‍ ഷെങ്ങിന്റെ പടയോട്ടത്തിന് മുന്നില്‍ പോളിഷ് താരത്തിന് ഉത്തരമില്ലാതെയായി. തുടര്‍ച്ചയായി ഏഴ് ഗെയിമുകള്‍ സ്വന്തമാക്കി 7-5ന് ആദ്യ സെറ്റ് പിടിച്ചെടുത്ത ഷെങ്, രണ്ടാം സെറ്റിലും ആധിപത്യം തുടര്‍ന്ന് 6-3ന് മത്സരം സ്വന്തമാക്കി.

അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തില്‍ കണ്ണീരോടെയാണ് 2022ലെ ചാമ്പ്യനായ സ്വിയാടെക് കോര്‍ട്ട് വിട്ടത്.
തൊട്ടുമുമ്പത്തെ റൗണ്ടില്‍ മാഡിസണ്‍ കീസിനെതിരായ മത്സരത്തിലും മൂന്നാം സെറ്റില്‍ 05 ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഷെങ്ങിന്റെ രക്ഷപ്പെടല്‍. കൈമുട്ടിലെ പരിക്കുമൂലം ദീര്‍ഘകാലം പുറത്തിരുന്ന ശേഷം യോഗ്യതാ റൗണ്ട് വഴി പ്രധാന ഡ്രോയിലെത്തിയ ഷെങ്, 2021ല്‍ എമ്മ റഡുക്കാനുവിന് ശേഷം യോഗ്യതാ റൗണ്ടിലൂടെ യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാക്കിസ്ഥാന്റെ എലേന റിബാക്കിനയാണ് ഷെങ്ങിന്റെ എതിരാളി