Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം : പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ . ചങ്ങനാശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിലെ വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ടാണ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിൽ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ചത് . പെരുന്നാൾ കാണാനെത്തിയ ഹൈന്ദവ വിശ്വാസികളുടെ സ്‌നേഹാഭ്യർഥന മാനിച്ചായിരുന്നു ഇത്.

‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ’ എന്ന ഗാനമാണ് ഫാ. ഫ്രാൻസിസ് ആലപിച്ചത്. വളരെ ഭക്തിയോടായിരുന്നു ആലാപനം. ആർദ്രതയോടും കൂടി അദ്ദേഹം പാടിയ ഗാനം കേൾവിക്കാരുടെ മനസ് നിറച്ചു.പാട്ടു പാടിത്തീർന്നയുടൻ അവിടെയുണ്ടായിരുന്ന വിശ്വാസികൾ ഓടിയെത്തി വൈദികനെ കെട്ടിപ്പിടിച്ചു.

ഗാനം ആലപിക്കാനുള്ള ആവശ്യം തനിക്ക് നിരസിക്കാൻ കഴിഞ്ഞില്ലെന്ന് ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് പറയുന്നു. വിശ്വാസികൾ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞു. ഹൈന്ദവ സഹോദരങ്ങളുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി ഒരു പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞത് തനിക്കും വലിയൊരു സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Posts