Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

Published by
ടി. സതീശന്‍

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ആറു വാര്‍ഷിക ഉത്സവങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണല്ലോ രക്ഷാബന്ധന്‍. ഏറ്റവും കൂടുതല്‍ ജനങ്ങളെ സംഘസ്ഥാനില്‍ എത്തിച്ചു രാഖിബന്ധനം നടത്തുന്നത് അന്ന് ഒരു ഹരമായിരുന്നു. ‘ഉപസ്ഥിതി ദിനം’ എന്നായിരുന്നു അതിന്റെ പേര്. സംഖ്യ കൂടുതല്‍ എത്തിക്കുന്നതില്‍ മുഖ്യ ശിക്ഷകന്‍മാര്‍ തമ്മില്‍ കടുത്ത മത്സരം തന്നെ നടന്നിരുന്നു. 1978ല്‍, ഒരു ജില്ലയില്‍ ഒന്ന് എന്ന നിലയില്‍ ‘സമൂഹ രക്ഷാബന്ധന്‍’ നടത്തണം എന്ന് അഖില ഭരതീയ തീരുമാനം ഉണ്ടായി. അടിയന്തിരാവസ്ഥക്കാലത്തും അതിനു ശേഷവും നടത്തിയ വന്‍തോതിലുള്ള സമാജസമ്പര്‍ക്കവും ബന്ധങ്ങളും ശക്തിപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

കൊച്ചിയിലെ പരിപാടിയുടെ ചുമതല, എറണാകുളം ഉപനഗര്‍ കാര്യവാഹ് എന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായി. എറണാകുളം നഗരം വിശാലമായ എറണാകുളം ഉപനഗറിന്റെ ഭാഗമായിരുന്നു. കേന്ദ്ര നേതൃത്വത്തിലെ സമുന്നതനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപാന്ത് തെങ്കടിജി മുഖ്യപ്രഭാഷണത്തിനു വരുമെന്ന സന്ദേശം വന്നു. ഇനി വേണ്ടത് ക്രൈസ്തവരില്‍ നിന്നും ഇസ്ലാമില്‍ നിന്നും രണ്ടു പ്രഗത്ഭര്‍. അടിയന്തിരാവസ്ഥയുടെ കാലത്ത് അണ്ടര്‍ഗ്രൗണ്ടില്‍ നടക്കേണ്ട പൊതു സമ്പര്‍ക്ക പ്രവര്‍ത്തനത്തില്‍ കൊച്ചിയിലെ ചുമതലക്കാരനായതിനാല്‍ എനിക്ക് ജോലി എളുപ്പമായി. അങ്ങനെ സെന്റ് പോള്‍സ് കോളേജിലെ സീനിയര്‍ അധ്യാപകന്‍ പ്രൊഫ. ആന്റണി ഐസക്കിനെ പോയി കണ്ടു. (അദ്ദേഹം പിന്നീട് പ്രിന്‍സിപ്പലും, എറണാകുളം ലോക് സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗ്രെറ്റര്‍ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) ചെയര്‍മാനും ഒക്കെ ആയി). പരിപാടിയില്‍ സംസാരിക്കാമെന്ന് അദ്ദേഹം സസന്തോഷം സമ്മതിച്ചു. അടുത്ത നടപ്പ് ജമാത്ത്-എ-ഇസ്ലാമി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ജില്ലാ സെക്രെട്ടറി ടി.കെ. മൊഹമ്മദിനെ കണ്ടു. അടിയന്തിരാവസ്ഥയും സംഘനിരോധനവും പിന്‍വലിയ്‌ക്കപ്പെട്ട ശേഷം പരമ പൂജനീയ സര്‍സംഘ്ചാലക് ആദരണീയ ബാലാസാഹേബ് ദേവറസ്സിനു കേരളത്തിന്റെ സ്വീകരണം 1977 മെയ് 12ന് എറണാകുളത്തു നല്‍കിയപ്പോള്‍ 101 അംഗ സ്വാഗതസംഘത്തില്‍ അദ്ദേഹം അംഗമായിരുന്നു. ക്ഷണം സ്വീകരിച്ചു. പരിപാടിയില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനും ഏറെ സന്തോഷം.

കാത്തിരുന്ന ആ ദിനവും വന്നു, നല്ല മഴയുള്ള ദിവസം. എന്നിട്ടും എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. കലാമന്ദിര്‍ നിറഞ്ഞു കവിഞ്ഞു. ദത്തോപാന്ത് ഠേംഗ്ഡിജി ഇഗ്ളീഷിലും ഐസക് സാറും മുഹമ്മദ് സാറും മലയാളത്തിലും സംസാരിച്ചു. സദസ്സിന്റെയും സംഘാടകരുടെയും മനസ്സ് നിറച്ച പ്രഭാഷണങ്ങള്‍. അന്നത്തെ രീതി അനുസരിച്ച് അവ ടേപ് റിക്കാര്‍ഡറില്‍ റിക്കാര്‍ഡ് ചെയ്തു. എ.വി. ഭാസ്‌ക്കര്‍ജിയുടെ സഹോദര പുത്രന്‍ സുരേഷാണ് വീട്ടില്‍ നിന്ന് ടേപ് റിക്കാര്‍ഡര്‍ കൊണ്ട് വന്നത്. പരിപാടി കഴിഞ്ഞപ്പോള്‍ ജില്ലാ പ്രചാരക് സി.കെ. ശ്രീനിവാസന്‍ ചേട്ടന്റെ (ഇപ്പോള്‍ തലശ്ശേരിയില്‍ വക്കീല്‍; കണ്ണൂര്‍ വിഭാഗ് സംഘചാലക്) നിര്‍ദേശം: പ്രസംഗങ്ങള്‍ പിറ്റേന്ന് തന്നെ എഴുതി തയ്യാറാക്കി ‘ഓര്‍ഗനൈസര്‍’നും ‘കേസരി’ക്കും അയക്കണം. എഴുത്തിന്റെ ‘അസുഖം’ ഉള്ള ഏക ആള്‍ അന്ന് ഞാനായത് കൊണ്ട് ആലങ്കാരിക ഭാഷയില്‍ പറഞ്ഞാല്‍ അതും എന്നില്‍ ‘അര്‍പ്പിതം’.

പിറ്റേന്ന് രാവിലെ തയ്യാറായി സുരേഷിന്റെ വീട്ടില്‍ എത്തി. ഇനിയാണ് അടുത്ത കടമ്പ. ഞാന്‍ അത്വരെ ടേപ് റിക്കാര്‍ഡര്‍ തൊട്ടിട്ടില്ല. ഓണ്‍ ചെയ്യാനും പ്ലേ ചെയ്യാനും ഓഫ് ചെയ്യാനും പിടിയില്ല. സുരേഷ് രക്ഷിച്ചു. യന്ത്രം എങ്ങനെ ഓപ്പറേറ്റ് ചെയ്യണമെന്നു റ്റിയൂഷന്‍ തന്നു, പഞ്ചദിന പദ്ധതിയാണ്. ആദ്യത്തെ സംരംഭമായതിനാല്‍ അതായിരുന്നു എന്റെ കണക്കുകൂട്ടല്‍. ഉച്ചഭക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നു സുരേഷ് പറഞ്ഞു. കൂടാതെ അടുത്തമുറിയിലെ ഫ്രിഡ്ജില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമുണ്ടായിരുന്ന ശീതള പാ
നീയമായ ‘സ്‌പെന്‍സര്‍’ നിരവധി കുപ്പികള്‍. അഞ്ചു ദിവസത്തെ കലാപരിപാടിയാണല്ലോ!

ആവേശത്തോടെ പണി തുടങ്ങി. റിക്കാര്‍ഡര്‍ ഓണ്‍, പ്ളേ. എഴുത്ത്, പോസ്, വീണ്ടും പ്ലേ. വേണ്ടിവന്നാല്‍ റീവൈന്‍ഡ്, ഫാസ്റ്റ് ഫോര്‍ വേര്‍ഡ്. ആവര്‍ത്തനങ്ങള്‍ …. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ സംഗതി പഠിച്ചു. എന്‍ജിനീയര്‍ ആയോ എന്ന് ഒരു തലക്കനം വന്നെന്നു തോന്നുന്നു. (ഇരുപത്തിമൂന്നുകാരന്റെ സ്യൂപ്പര്‍ പാകത !). ഏതായാലും വലിയൊരു ചുമതല സംഘം ഏല്‍പ്പിച്ചു എന്ന അഭിമാനം എന്റെ വേഗത കൂട്ടി. നാല്പത്തഞ്ചു മിനിറ്റിന്റെ ഇംഗ്ലീഷ് പ്രസംഗവും പതിനഞ്ചു മിനിറ്റ് വീതമുള്ള രണ്ടു മലയാളം പ്രസംഗങ്ങളും വൈകുന്നേരം ആറു മണിയോടെ എഴുതി തീര്‍ന്നു. സുരേഷിന്റെ അദ്ഭൂതത്തിനു കണക്കില്ല.

യശ്ശ:ശരീരനായ മോഹന്‍ജി (മോഹന്‍ കുക്കലിയാ, പ്രാന്തകാര്യാലയ പ്രമുഖ്) ഇംഗ്ലീഷ് പ്രസംഗങ്ങള്‍ പിറ്റെന്നു ടൈപ് ചെയ്തു തന്നു. മലയാളം പ്രസംഗങ്ങള്‍ ഞാന്‍ തന്നെ പകര്‍ത്തിഎഴുതി. പിറ്റേന്നു തന്നെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആര്‍എംഎസ്സില്‍ നിന്ന് പോസ്റ്റ് ചെയ്തു. പിന്നെ കാത്തിരിപ്പിന്റെ അഞ്ചു ദിവസം. ഓര്‍ഗനൈസര്‍ എഡിറ്റര്‍ കെ.ആര്‍ മല്‍ക്കാനിജി എന്റെ ‘പൊട്ട’ ഇംഗ്ലീഷ് ചവറ്റു കൊട്ടയില്‍ എറിയുമോ എന്ന പേടി എന്നെ പൊതിഞ്ഞു. (എല്‍.കെ. അഡ്വാനിജി അദ്ദേഹത്തിന്റെ കീഴില്‍ സബ് എഡിറ്റര്‍ ആയിരുന്നു എന്നറിയുമ്പോള്‍ മല്‍ക്കാനിജി ആരെന്നു വായനക്കാര്‍ക്ക് മനസ്സിലാവുമല്ലോ). അങ്ങനെ ആ ആഴ്ചയിലെ ഓര്‍ഗനൈസര്‍ വന്നു, മല്‍ക്കാനിജി അത് എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചിരുന്നു. മോഹന്‍ജി പതിവ് പോലെ നിശ്ശബ്ദനായി ചിരിച്ചുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഭാസ്‌കര്‍ റാവുജി വാക്കുകളിലൂടെ അഭിനന്ദിച്ചു. കേസരിയും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അങ്ങനെ ആദ്യമായി ഓര്‍ഗനൈസറിലും കേസരിയിലും എന്റെ കൈക്രിയകള്‍ക്ക് അച്ചടിമഷി വീണു.

തന്റെ മലയാളം പ്രസംഗം ഇഗ്ളീഷ് മാധ്യമത്തില്‍ വന്നത് കണ്ടപ്പോള്‍ ആന്റണി ഐസക് സാറിനു ഉണ്ടായ സന്തോഷവും അദ്ദേഹം സ്വപത്നിയെ വിളിച്ചു അഭിമാനത്തോടെ കാണിച്ചതും അരനൂറ്റാണ്ടിനു ശേഷം കൗതുകത്തോടെ ഓര്‍ക്കുന്നു. മുഹമ്മദ് സാറും അതീവ സന്തുഷ്ടനായി. ദേവറസ്ജിക്കു ശേഷം പിന്നീട് ദത്തോപാന്ത് ഠേംഗ്ഡിജി പോലുള്ള ഉന്നത സംഘനേതാവിനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് അതീവ സന്തോഷമുണ്ടായിരുന്നു.

ആ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് അന്നത്തെ ജില്ലാ കാര്യവാഹ് നാരായണ്‍ റാവുജി ആയിരുന്നു എന്ന് ഓര്‍ക്കുന്നു.

 

Recent Posts