Varadyam

കഥ: കത്തിയേറ്

Published by
ഉണ്ണി കൊടുങ്ങല്ലൂര്‍

കൂടാരത്തിലെ വിളക്കുകള്‍ അണഞ്ഞു. റിങ്ങിനുള്ളിലേക്ക് രണ്ടു സ്‌പോട്ട്‌ലൈറ്റുകള്‍ മാത്രം മിഴി തുറന്നു. അവയുടെ പ്രകാശം റിങ്ങിന്റെ ഒരു വശത്ത് വൃത്താകൃതിയില്‍ കറങ്ങുന്ന പലകയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന സുന്ദരിയുടെ മേലും, മറ്റൊന്ന് മറുവശത്ത് ഉയര്‍ന്ന പീഠത്തില്‍ കത്തികളുമായി കണ്ണുകള്‍മൂടിക്കെട്ടിനില്‍ക്കുന്ന അഭ്യാസിയിലും പതിച്ചു. അയാളുടെ പ്രകടനത്തിനായി കാണികള്‍ വീര്‍പ്പടക്കികാത്തിരുന്നു.

ഗ്രേറ്റ് ഏഷ്യന്‍ സര്‍ക്കസ്സിലെ ഏറ്റവും ജനപ്രീതിനേടിയ ഇനമായിരുന്നു കത്തിയേറ്…യുവതിയെ ബന്ധിച്ചിട്ടുള്ള കറങ്ങുന്ന പലകയില്‍ കണ്ണുകള്‍ മൂടിക്കെട്ടിക്കൊണ്ട് കത്തിയെറിഞ്ഞുകൊള്ളിക്കുകയെന്നവളരെ അപകടം പിടിച്ച അഭ്യാസം. ഒരു ചെറിയ പിഴവില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന ആ മാസ്മരിക പ്രകടനത്തിനു മുന്‍പായി അതിനുപയോഗിക്കുന്ന കത്തികളുടെ മൂര്‍ച്ച പരിശോധിക്കുവാന്‍ അവകാണികള്‍ക്കു കൈമാറുമായിരുന്നു. അത് അവതരിപ്പിക്കുന്ന രാഘവന്‍മാസ്റ്റര്‍ അതിവിദഗ്ധനായ അഭ്യാസിയായിരുന്നു… ഒരിക്കല്‍പ്പോലും പിഴവുപറ്റാത്തയാള്‍… ആ പ്രകടനത്തിന്റെ മറ്റൊരു വലിയ പ്രത്യേകത എന്തായിരുന്നുവെന്നുവെച്ചാല്‍ ആ പലകയില്‍ബന്ധിക്കപ്പെടുന്നത് രാഘവന്റെ ഭാര്യയായിരുന്നു എന്നതാണ്. പല കാണികളും അയാളുടെ പ്രകടനം കാണാന്‍ ഭയന്നു കണ്ണുകള്‍ പൊത്തുമായിരുന്നു. അതിമാരകമായ ആ പ്രകടനം ഓരോ തവണയും ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന കാണികള്‍ പലരുംഅയാളെ നേരിട്ട് വന്ന് അഭിനന്ദിക്കുമായിരുന്നു.

പക്ഷേ ഇന്ന് രാഘവന്‍ അസ്വസ്ഥനായിരുന്നു. തന്റെ പീഠത്തില്‍ നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നില്ല. കാണികളുടെ വീര്‍പ്പുമുട്ടലുകളോ കയ്യടികളോ അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞുനിന്നത് തലേന്നു രാത്രി ട്രപ്പീസ് ഹീറോചാര്‍ളിയുടെ ടെന്റില്‍നിന്നും അഴിഞ്ഞുലഞ്ഞ തലമുടി കെട്ടിക്കൊണ്ട് ഇറങ്ങിവരുന്ന തന്റെ ഭാര്യയുടെ രൂപമായിരുന്നു. ഇരുട്ടുണ്ടായിരുന്നിട്ടും കഴിഞ്ഞമാസംഅവളുടെ പിറന്നാളിനു താന്‍ വാങ്ങിക്കൊടുത്ത മഞ്ഞയില്‍ ചുവപ്പു പൂക്കളുള്ള സാരി അയാള്‍ വ്യക്തമായിക്കണ്ടിരുന്നു.

”വഞ്ചകി. ഒടുവില്‍ ഞാന്‍ സംശയിച്ചതുതന്നെസംഭവിച്ചു… സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കാന്‍ മടിയില്ലാത്ത കുലട… ചാര്‍ളിയെ പ്രശംസിക്കാന്‍ അവള്‍ക്കു നൂറു നാക്കായിരുന്നു… എങ്കിലും അവള്‍ ഇത്രയും തരംതാഴും എന്നു കരുതിയില്ല… ഹൊ, എല്ലാംഎന്റെ വിധിതന്നെ.”

അയാള്‍ സ്വയം ശപിച്ചു… രോഷംകൊണ്ടു പുളഞ്ഞു. പ്രതികാരത്തിനായി അയാളുടെ മനസ്സ് ദാഹിച്ചു…

പൊടുന്നനെ അയാളുടെ മനസ്സിലെ മൃഗം ഉണര്‍ന്നു. അതെ, അതുതന്നെവഴി… ഇത്രയും കാലം പിഴക്കാത്ത ഉന്നം നാളെ പിഴക്കും… പ്രകടനത്തിനിടയിലെ കൈപ്പിഴവിന് കേസുണ്ടാകാന്‍ വഴിയില്ല. ഉണ്ടായാല്‍ തന്നെ വലിയ ശിക്ഷയും കാണില്ല… ഇന്‍ഷുറന്‍സ് തുകയായി ഒരു നല്ല സംഖ്യ കിട്ടുകയുംചെയ്യും… ഒരു വെടിക്കു മൂന്നുപക്ഷി… എല്ലാം അയാള്‍ മനസ്സിലുറപ്പിച്ചു…

ണിം… ണിം…. ണിം…. പ്രകടനം ആരംഭിക്കാനുള്ള മണിമുഴങ്ങി. ആദ്യത്തെ കത്തിയെടുത്ത് അയാള്‍ അതിന്റെ വായ്‌ത്തലയില്‍ കയ്യോടിച്ചു. അല്‍പ്പമൊന്നമര്‍ന്നാല്‍ ചോരപൊടിയും…
വേണ്ട ആദ്യത്തേത്തന്നെ ലക്ഷ്യം പിഴച്ചാല്‍ അത് സംശയത്തിന്നിടയാക്കും…. അയാള്‍ സാധാരണപോലെ ഉന്നംപിടിച്ച് അതാഞ്ഞെറിഞ്ഞു…

”സീ…” മൂളിപ്പാഞ്ഞ കത്തി സുന്ദരിയുടെ വലതുകൈക്ക് താഴെപലകയില്‍ തറഞ്ഞുനിന്നു. ”ആ…ഹോ….” കാണികളില്‍നിന്നു ഭയം കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

അടുത്ത കത്തി സുന്ദരിയുടെ ഇടതുകൈക്കു താഴെയും, മൂന്നാമത്തെ കത്തി അരക്കെട്ടിനു വലതുവശത്തും, നാലാമത്തേത് ഇടതുവശത്തും, അഞ്ചും ആറും ഏഴും കത്തികള്‍ കാലുകളുടെ വലതും, ഇടതുംവശങ്ങളിലും മദ്ധ്യഭാഗത്തും ചെന്നു കൃത്യമായി തറച്ചു. നിശബ്ദമായ കൂടാരത്തില്‍ ഓരോ തവണയും കാണികളുടെ ചങ്കിടിപ്പും, ഭയപ്പാടോടെയുള്ള പ്രതികരണങ്ങളും അയാള്‍ അറിയുന്നുണ്ടായിരുന്നു.

അവസാനത്തെ കത്തി എറിയേണ്ടത് യുവതിയുടെ തലയ്‌ക്കു മുകളിലേക്കാണ്. ഒരല്‍പ്പം ഉന്നംപിഴച്ചാല്‍ തന്റെ ലക്ഷ്യം നിറവേറും. അയാള്‍ മനസ്സില്‍കണക്കുകൂട്ടി. ഒരു നിമിഷം അയാള്‍ ശങ്കിച്ചു. പിന്നെ മനസ്സില്‍ കണക്കുകൂട്ടിയ മാതിരി ഒരല്‍പ്പം താഴ്‌ത്തി കത്തി ആഞ്ഞെറിഞ്ഞു…

ഭാര്യയുടെ ദീനരോദനം കേള്‍ക്കാന്‍ പ്രതീക്ഷിച്ചഅയാളുടെ കാതുകളില്‍ കാണികളുടെ ഹര്‍ഷാരവങ്ങള്‍ അലയടിച്ചു. അവരുടെ കരഘോഷങ്ങളാല്‍ സര്‍ക്കസ് കൂടാരം നിറഞ്ഞു. കണ്ണുകള്‍ മൂടിക്കെട്ടിയ തുണി മാറ്റിനോക്കിയപ്പോള്‍ പതിവുപോലെ എല്ലാകത്തികളും യഥാസ്ഥാനങ്ങളില്‍ത്തന്നെ ചെന്നു തറച്ചിരിക്കുന്നതു കണ്ട് അയാള്‍ സ്വയം ശപിച്ചു…
കാണികളെ വണങ്ങി തലതാഴ്‌ത്തി തന്റെ ടെന്റിലേക്ക് തിരിച്ചു നടക്കുമ്പോള്‍ അയാളുടെ മനസ്സുനിരാശയില്‍ മുങ്ങി…
അല്‍പ്പം കഴിഞ്ഞപ്പോള്‍ ടെന്റിന്റെ കര്‍ട്ടന്‍ തുറക്കുന്നതുകണ്ട് അയാള്‍ മുഖമുയര്‍ത്തി.

”ഇത് ചേച്ചിക്ക് ഒന്നു കൊടുത്തേക്കണേ….ഞാന്‍ രണ്ടു ദിവസം മുന്‍പ് ടൗണില്‍ പോകാന്‍ വാങ്ങിയതാ..”
കൈയില്‍ ഒരു സാരിയുമായി സൈക്കിള്‍ ബാലന്‍സ് അഭ്യാസം കാട്ടുന്ന ഗ്രേസി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ആ മഞ്ഞ സാരിയിലെ ചുവന്ന പൂക്കള്‍ രക്തവര്‍ണ്ണത്തില്‍ തിളങ്ങി…

 

Recent Posts