
ഓണം വന്നോണം, വന്നോണം വന്നേ
മാവേലി മക്കള്‍ക്ക് ഓണം വന്നേ
ചിങ്ങനിലാവില്‍ നീന്തി നീരാടി
അത്തം പത്തോണം ദിനങ്ങള്‍ വന്നു
നാനാപുഷ്പങ്ങളെങ്ങും നിരന്നു;
മാവേലി നാട് പൂക്കളം പോലെ…!
കായും കനിയും ചൊരിഞ്ഞു കൊണ്ട്,
ഓണക്കോടിയും നെയ്തു വന്നോണം.
തുമ്പികള്‍ തമ്പുരുമീട്ടിയെങ്ങും
തുമ്പകള്‍ പോലും ചിരി പൊഴിച്ചു,
ആടുന്നുണ്ടുഞ്ഞാല്‍ വളകിലുക്കി
പൂമരച്ചില്ലകള്‍ നൃത്തമാടി
ഒരു നല്ല കാലം വാഴ്‌ത്തി, വാഴ്‌ത്തി
ഓണപ്പാട്ടിന്റെയീണം മുഴങ്ങി
‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ’
സുന്ദരകാലം, സുഭിക്ഷകാലം
മാവേലിത്തമ്പുരാന്‍ വാണകാലം
പൂവേപൊലി, പൂവേപൊലി പാടി-
പൂപ്പൊലിയാടിയോരോണക്കാലം.
ദാനം ചോദിച്ചതിഥിയെത്തി,
മാവേലി പൂജിച്ചകത്തിരുത്തി
മൂന്നടി മണ്ണിന്‍ ദാനത്താല്‍ ശിരസ്സില്‍
ചവിട്ടേറ്റ് പാതാളം പോയി(മാവേലി)!
മുറിവേറ്റകാലമിന്നെല്ലാം തല-
തിരിഞ്ഞെത്തുന്നു, കെട്ടകാലം.
ചതിയുടെ അനുചരവൃന്ദമിന്നും
താണ്ഡവമാടുന്നു നാട്ടില്‍…!