തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ തിരഞ്ഞെടുപ്പ് മണ്ഡലം ചുമതലക്കാരിയായ കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ ഇരുവിഭാഗങ്ങളെയും കേട്ട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദ്ദേശിച്ചിരിക്കുന്നത്. വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
രമ്യ ഹരിദാസിന്റെ പരാതിയിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കുന്നത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് ഉൾപ്പെടെ 7 പ്രാദേശിക നേതാക്കൾക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സജിത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി. അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
















