Kerala

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കളമശ്ശേരി: കൊച്ചി കായലില്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി. ‘ആല്‍ഫിയസ് വെമ്പനാടി’ എന്നും ‘ആല്‍ഫിയസ് ഹരി’ എന്നും പേരിട്ട ഈ പുതിയ ഇനങ്ങളെ കൊച്ചി കായലില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നി വലകളില്‍ നിന്നാണ് ശേഖരിച്ചത്.

ശരീരഘടനയിലെ സവിശേഷതകള്‍ വിശദമായി പരിശോധിക്കുകയും മൈറ്റോകോണ്‍ഡ്രിയല്‍ 16 എസ്ആര്‍ആര്‍എന്‍എ ജീന്‍ ഉപയോഗിച്ച് ജനിതക പഠനം നടത്തുകയും ചെയ്താണ് ഇവ പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്.

ആല്‍ഫിയസ് വെമ്പനാടി എന്ന പേര് വേമ്പനാട് കായലിന്റെ പേരില്‍ നല്‍കിയതാണ്. കൊച്ചി കായലില്‍ വര്‍ഷം മുഴുവന്‍ കാണപ്പെടുന്ന ഈ ഇനം 31 പിപിടി വരെ ലവണതയുള്ള ജലത്തിലും കാണപ്പെടുന്നു. ‘ആല്‍ഫിയസ് ഹരി’ എന്ന പേര് കുസാറ്റ് സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് സീനിയര്‍ പ്രൊഫ. എം. ഹരികൃഷ്ണനോടുള്ള ബഹുമാനാര്‍ത്ഥമാണ് നല്‍കിയത്.

പലതരത്തിലുള്ള ലവണതകളെ അതിജീവിക്കാനുള്ള കഴിവാണ് ഈ ഇനത്തിന്റെ പ്രത്യേകത. പരീക്ഷണശാലയില്‍ ശുദ്ധജലത്തിലും ഇവ ജീവിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. കുസാറ്റിലെ സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് റിസര്‍ച്ച് സ്‌കോളര്‍ കൈമകുളങ്ങര വിഷ്ണു, ജപ്പാനിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയം ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ടോമോയുകി കൊമായി, മോളിക്യുലര്‍ ടാക്‌സോണമി വിദഗ്ധന്‍ ഡോ. ദീപക് ജോസ് എന്നിവരുള്‍പ്പെടെയുള്ള ഗവേഷകരാണ് പഠനങ്ങള്‍ നടത്തിയത്.

കുസാറ്റിലെ ബിസിനസ് ഇന്‍കുബേഷന്റെ ഭാഗമായ മാരി ജീനോം മത്സ്യ സേവന കേന്ദ്രത്തിലെ ഗവേഷകരായ ഡോ. സമീറ ഷംസുദീനും ഡോ. അക്ഷയ് ഉണ്ണികൃഷ്ണനും ഈ പഠനത്തിന്റെ ഭാഗമായി. പോസ്റ്റ് ഡോക്ടറല്‍ ഗവേഷക കൂടിയാണ് ഡോ. സമീറ ഷംസുദ്ദീന്‍. വിഷ്ണു കെ.പി, ഡോ. ദീപക് ജോസ്, ഡോ. എം. ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ ഗവേഷക സംഘം ഈ വര്‍ഷം ജനുവരിയില്‍ കൊച്ചി കായലില്‍ നിന്ന് മറ്റൊരു പുതിയ തോക്ക് ചെമ്മീന്‍ ഇനത്തെയും കണ്ടെത്തിയിരുന്നു. അന്താരാഷ്‌ട്ര ശാസ്ത്ര ജേര്‍ണല്‍ ആയ ക്രസ്റ്റേഷ്യാനയില്‍ പിന്നീട് ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിരുന്നു.

 

Recent Posts