
ഗുരുവായൂരപ്പ ഭക്തയായിരുന്ന മഞ്ജുള ദിവസവും മനോഹരങ്ങളായ പൂക്കള്‍ ശേഖരിച്ച് മാലയുണ്ടാക്കി എന്നും വൈകിട്ട് ഗുരുവായൂരപ്പനു സമര്‍പ്പിക്കും. മേല്‍ശാന്തി അതു ഭഗവാനു ചാര്‍ത്തും. അതുകണ്ട് അവര്‍ നിര്‍വൃതിയടയും. അതായിരുന്നു ഭക്തമഞ്ജുളയുടെ ‘നിത്യമാലാ സമര്‍പ്പണം.’
ഒരു ദിവസം അവള്‍ മാലയുമായി അമ്പലത്തിലെത്താന്‍ അല്‍പം വൈകി. അന്ന് ഭഗവാനു മാല സമര്‍പ്പിക്കാന്‍ കഴിയാതെ അവള്‍ ഏറെ ദുഃഖിച്ചു. അവള്‍ താന്‍ കൊണ്ടുവന്ന മാലയുമായി സാവധാനം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ ആല്‍ച്ചുവട്ടിലേക്കു നടന്നു. അവിടെയിരുന്ന് അവള്‍ കണ്ണീരോടെ ശ്രീകൃഷ്ണസ്തുതികള്‍ മധുരമായി ആലാപ#ച്ചു. ക്ഷേത്രദര്‍ശനത്തിനു വന്ന ഭക്തകവി പൂന്താനം, മഞ്ജുളയുടെ പാട്ടുകേട്ടു. അദ്ദേഹം മഞ്ജുളയുടെ അടുത്തു ചെന്നപ്പോള്‍ അവള്‍ കരയുന്നതു കണ്ടു. അദ്ദേഹം അവളോടു കാര്യമന്വേഷിച്ചു. ദിവസേന ചെയ്യുന്ന മാലസമര്‍പ്പണത്തെപ്പറ്റിയും അന്ന് അമ്പലത്തില്‍ എത്താന്‍ വൈകിയതുകൊണ്ട് മാല സമര്‍പ്പണം മുടങ്ങിയ കാര്യവും അവള്‍ പറഞ്ഞു.
മഞ്ജുളയുടെ ആത്മാര്‍ത്ഥഭക്തി പൂന്താനത്തിനു മനസ്സിലായി. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മഞ്ജുളയോടു പറഞ്ഞു: ”ഈശ്വരന്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു. എല്ലാ വസ്തുക്കളിലും അവിടുന്ന് കുടികൊള്ളുന്നു. അതുകൊണ്ട് നീ ഭഗവാനുവേണ്ടി കൊണ്ടുവന്ന മാല ആല്‍ചുവട്ടിലെ കല്ലില്‍ സമര്‍പ്പിച്ചോളൂ.” പൂന്താനം പറഞ്ഞതനുസരിച്ച് മാല ആല്‍ചുവട്ടിലെ കല്ലില്‍ മഞ്ജുള ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചു മടങ്ങി.
പിറ്റേന്നു പ്രഭാതത്തില്‍ മേല്‍ശാന്തി ക്ഷേത്രനടതുറന്ന്, തലേദിവസത്തെ മാലകള്‍ മാറ്റാന്‍ വിഗ്രഹത്തിനടുത്തെത്തി. അദ്ദേഹം മാലകള്‍ ഓരോന്നായി മാറ്റി. ഒരു മാലയൊഴിച്ച് മറ്റു മാലകളെല്ലാം മാറ്റി. എന്നാല്‍ അദ്ദേഹം എത്ര ശ്രമിച്ചിട്ടും ഒരു മാലമാത്രം മാറ്റാന്‍ കഴിഞ്ഞില്ല. ആ മാല വിഗ്രഹത്തില്‍ പറ്റിപ്പിടിച്ചുകിടന്നതല്ലാതെ മാറ്റാനായില്ല. മേല്‍ശാന്തിയും ഭക്തരും കാര്യമറിയാതെ പരിഭ്രാന്തരായി. അപ്പോഴാണ് പൂന്താനം തൊഴാന്‍ വന്നത്. മേല്‍ശാന്തിയും ഭക്തജനങ്ങളും പരിഭ്രാന്തരായതു കണ്ട പൂന്താനം, കാര്യം അന്വേഷിച്ചു. ഒരു മാലമാത്രം മാത്രം എത്ര ശ്രമിച്ചിട്ടും വിഗ്രഹത്തില്‍ നിന്നു മാറ്റാന്‍ കഴിയുന്നില്ലെന്ന കാര്യം മേല്‍ശാന്തി അദ്ദേഹത്തോടു പറഞ്ഞു. തലേന്നു രാത്രിയിലെ കാര്യം അദ്ദേഹത്തിനു പെട്ടെന്നോര്‍മ്മ വന്നു. അദ്ദേഹം ആഹ്‌ളാദത്തോടെ പറഞ്ഞു, ”ഭഗവാനെ, ഇതു മഞ്ജുള സമര്‍പ്പിച്ച മാലയാണെങ്കില്‍, അതു തനിയെ താഴേക്കു വീഴണേ.” മാല ഉടന്‍ വിഗ്രഹത്തില്‍നിന്നും താഴേക്കു വീണു. അതോടെ മേല്‍ശാന്തിക്കും ഭക്തര്‍ക്കും മഞ്ജുളക്കു ഗുരുവായുരപ്പനോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും, പരിപൂര്‍ണ്ണഭക്തിയും ബോധ്യമായി. എല്ലാവരും മഞ്ജുള മാല സമര്‍പ്പിച്ച ആ ആല്‍തറയിലെത്തി നമസ്‌ക്കരിച്ചു. ഇന്നും ഗുരുവായൂരിലെ ആ ആല്‍ത്തറ മഞ്ജുളാല്‍ത്തറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡന്റെ ഒരു മനോഹര വിഗ്രഹവും ഈ ആല്‍ത്തറയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്നവര്‍ മഞ്ജുളാല്‍തറയിലും വണങ്ങിയാണ് മടങ്ങാറ്.