Cricket

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: വനിതാ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഭാരതത്തിന് ഇന്ന് രണ്ടാം മത്സരം. രാത്രി എട്ടിന് തുടങ്ങുന്ന മത്സരത്തില്‍ ഹോങ്കോങ് ആണ് എതിരാളികള്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെതിര തകര്‍പ്പന്‍ വിജയം നേടിയ ഭാരതം നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലാണ്. പാകിസ്ഥാന്‍ ആണ് രണ്ടാമത്. ഓരോ മത്സരം കളിച്ചിട്ടുള്ള ഇരു ടീമുകളും മികച്ച റണ്‍നിരക്കിന്റെ ബലത്തിലാണ് ഭാരതം മുന്നിലായത്. തായിലാന്‍ഡിനെ 94 റണ്‍സിനാണ് ഭാരതം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത ഭാരതത്തിനെതിരെ തായിലാന്‍ഡ് 16.1 ഓവറില്‍ 65 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ അവസാന മത്സരം ശനിയാഴ്‌ച്ച പാകിസ്ഥാനെതിരെയാണ്. രണ്ട് ഗ്രൂപ്പുകളിലും പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യുഎഇ ടീമുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സെമി പോരാട്ടങ്ങള്‍. 13ന് ഫൈനലും.