
അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച അഖിലേഷ് യാദവിന്റെ കുടുംബം ഏഴ് ജന്മത്തോളം ഈ ശാപം അനുഭവിക്കുമെന്ന് ഒരു യുവസന്യാസി. ഗോരഖ് മഠത്തിലെ പരമ്പരയില്‍പ്പെട്ട സന്യാസിവര്യനായ യോഗി ആദിത്യനാഥിനെയാണ് ഈ വ്യാജ വീഡിയോയിലൂടെ അഖിലേഷ് യാദവ് അപമാനിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനല്‍ നടത്തിയ അഭിമുഖത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ശപിക്കുകയായിരുന്നു ഗോരഖ്നാഥ് മഠത്തിലെ ഈ യുവസന്യാസി.
“ഹിന്ദു സന്യാസസമൂഹത്തെ മുഴുവന്‍ സമാജ് വാദി പാര്‍ട്ടി അപാനിച്ചിരിക്കുകയാണ്. അഖിലേഷ് യാദവ് ഹിന്ദുവാണ്. അയാളുടെ ധര്‍മ്മഗുരുവും ഹിന്ദുവാണ്. അയാളുടെ ആത്മീയ ഗുരുക്കളും ഹിന്ദുവാണ്. എന്നിരിക്കെയാണ് ഹിന്ദുസമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഈ വ്യാജവീഡിയോ അഖിലേഷ് യാദവ് പ്രചരിപ്പിച്ചിരിക്കുന്നത്” – യുവസന്യാസി പറയുന്നു.
“ഭാരതത്തെ സേവിക്കാന്‍ ഈ രാജ്യത്ത് കോടിക്കണക്കിന് സന്യാസിമാര്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ എല്ലാ സാധുക്കളും മുഖ്യമന്ത്രിയല്ല. യോഗി ആദിത്യനാഥ് മാത്രമാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. പരമപൂജ്യസന്യാസിയാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തെയാണ് വ്യാജ വീഡിയോ ഉപയോഗിച്ച് അപമാനിച്ചിരിക്കുന്നത്.”- യുവസന്യാസി പറഞ്ഞു.
ഈ വ്യാജ എഐ വീഡിയോ സമാജ് വാദി പാര്‍ട്ടിക്കാരെപ്പോലെ അഖിലേഷ് യാദവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എങ്ങിനെയെങ്കിലും 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി എത്ര തരംതാണ കളികളും കളിക്കുകയാണ് സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യോഗി ആദിത്യ നാഥ് പൈപ്പ് വലിക്കുന്ന എഐ ഡീപ് ഫേക്ക് വീഡിയോ .