
സനാതന ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം തന്നെ സമര്‍പ്പിച്ച വിഷ്ണുപദം പ്രാപിച്ചു. 1933ല്‍ കേരളത്തില്‍ ജനിച്ച അദ്ദേഹം തന്റെ കര്‍മ്മക്ഷേത്രമായി പ്രധാനമായും തെരഞ്ഞെടുത്തത് തമിഴ്‌നാട് ആയിരുന്നു. കൊല്ലത്തെ അക്കാലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ആയിരുന്ന ശ്രീനിവാസ അയ്യരും സുന്ദരി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍, കോളജ് പഠനം കൊല്ലത്താണ് പൂര്‍ത്തിയാക്കിയത്. പഠനശേഷം തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ടിവിഎസ് സ്ഥാപനങ്ങളുടെ മാനേജരായി. ജോലിയോടൊപ്പം തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും സജീവമായി. സംഘത്തിന്റെ തിരുനെല്‍വേലി ജില്ലാ കാര്യവാഹ് എന്ന ചുമതലയും വഹിച്ചിരുന്ന 1971-72 കാലയളവിലാണ് തിരുനെല്‍വേലിയിലെ ഇടിന്തക്കര എന്ന തീരദേശ മേഖലയിലെ മതം മാറിയ നൂറോളം ഹിന്ദു കുടുംബങ്ങളെ സംഘപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരികെ സ്വധര്‍മ്മത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് നേതൃത്വം കൊടുത്തത് സംഘത്തിന്റെ അക്കാലത്തെ തമിഴ്‌നാട് പ്രാ
ന്ത പ്രചാരകനായിരുന്ന രാമഗോപാലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വേദാന്തം ഇത്തരത്തില്‍ തിരികെ സ്വധര്‍മ്മത്തിലേക്ക് വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ഇതില്‍ സജീവമായതോടു കൂടി തന്റെ പ്രവര്‍ത്തനമണ്ഡലം സനാതന വ്യാപന പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ടിവിഎസിന്റെ മാനേജര്‍ പദവി രാജിവച്ചു. പൂര്‍ണ്ണസമയ സംഘപ്രവര്‍ത്തകനായി. ഇതേത്തുടര്‍ന്ന് സംഘം ഇദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിച്ചു. 1972 മുതല്‍ അദ്ദേഹം പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. തമിഴ്‌നാട്ടിലെ പരമാവധി പ്രദേശങ്ങളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനവും സേവാ പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചു. പരിഷത്തിന്റെ തമിഴ്‌നാട് പ്രാന്ത സംഘടനാസെക്രട്ടറി, ക്ഷേത്ര സംഘടനാ സെക്രട്ടറി, ദേശീയ ജോ. സെക്രട്ടറി, അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ നിര്‍വ്വഹിച്ചു. ഉത്തരവാദിത്തങ്ങള്‍ കൃത്യമായും ഭംഗിയായും ചെയ്യുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.
സമാജ ഉന്നതിക്ക് അവശ്യം വേണ്ടത് സേവാ പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും അത് നടത്തിക്കൊണ്ടു പോകുന്നതിലും വളരെയധികം പരിശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെമ്പാടും തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത് വേദാന്തത്തിന്റെ നേതൃത്വത്തിലായിരുന്നു. വിവേകാനന്ദ വിദ്യാലയങ്ങള്‍ എന്ന പേരില്‍ പതിനാറോളം വിദ്യാലയങ്ങളാണ് തമിഴ്‌നാട്ടിന്റെ പല ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഹിന്ദു വിദ്യാലയം എന്ന പേരില്‍ നിരവധി ഏകല്‍ വിദ്യാലയങ്ങളും തമിഴ്‌നാ
ട്ടില്‍ തുടങ്ങി. തൂത്തുക്കുടി ജില്ലയില്‍ ചേരകുളത്ത് ശ്രീ വൈകുണ്ഠ എന്ന പേരില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു ആശുപത്രിയും ചെന്നൈയില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്ന പേരില്‍ ഒരു ആശുപത്രിയും അദ്ദേഹം ആരംഭിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി വിവേകാനന്ദ റൂറല്‍ ഡെവലപ്മെന്റ് സെന്റര്‍ എന്ന പേരില്‍ ഒരു സംരംഭത്തിനും തുടക്കം കുറിച്ചു.
ഗ്രാമക്ഷേത്ര പൂജാരിമാരാകാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിലും വേദാന്തം മുന്‍പന്തിയിലുണ്ടായിരുന്നു. ഇന്ന് ഭാരതത്തില്‍ തന്നെ ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പൂജാരിമാര്‍ ഏറ്റവുമധികമുള്ള സംസ്ഥാനമായി തമിഴ്‌നാട് മാറിയതിനു പിന്നിലെ പ്രധാന ചാലകശക്തിയും അദ്ദേഹമായിരുന്നു. കേരളത്തിലും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനം വളരെ സജീവമായിരുന്നു; വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ചുമതല കാശി വിശ്വനാഥന്‍ നിര്‍വഹിച്ചിരുന്ന കാലത്ത്, അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സംഘടനാ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് വേദാന്തം നേതൃത്വം നല്‍കി.
‘മാനവസേവ തന്നെ മാധവസേവ’ എന്ന ആപ്തവാക്യം ജീവിതത്തില്‍ പകര്‍ത്തി സനാതനധര്‍മ്മ സംരക്ഷണത്തിനും അശരണരുടെ ക്ഷേമത്തിനുമായി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. ധര്‍മ്മബോധവും കര്‍മ്മശേഷിയും കാര്യപ്രാപ്തിയും ഒത്തുചേര്‍ന്ന ആ മഹത് വ്യക്തിത്വത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ കാര്യകര്‍ത്താക്കളും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതിനായി വേദാന്തത്തിന്റെ ജീവിതം നമുക്ക് മാതൃകയാക്കാം. പ്രണാമം. ഓം ശാന്തി.