പത്തനംതിട്ട: ഭാരത് മാതാ കീ ജയ് എന്നു വിളിക്കുന്നത് വര്‍ഗീയമാണെന്ന് സിപിഎം. നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ഭരണകക്ഷിയായിരുന്ന ബിജെപിയെ ഇന്‍ഡി മുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കിയത് ഭാരത് മാതാ കീ ജയ് എന്ന വര്‍ഗീയ പരാമര്‍ശം നടത്തിയതിനാലാണെന്നാണ് പാര്‍ട്ടി പറയുന്നത്.
ആക്ഷേപമൊന്നുമില്ലാതെ ഭരണം നടത്തി വന്ന ബിജെപിയെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ഷീജമോള്‍ എന്ന സിപിഎം അംഗം, ഭാരത് മാതാ കീ ജയ് എന്ന വര്‍ഗീയ മുദ്രാവാക്യം വിളിച്ചതാണ് പ്രധാന കാരണമെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ആഗസ്ത്15ന് ത്രിവര്‍ണ പതാക പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉയര്‍ത്തിയപ്പോഴാണ് ബിജെപി അംഗങ്ങള്‍ ഭാരത് മാതാ കീ ജയ് മുഴക്കിയത്. അന്നു മുതല്‍ ബിജെപി വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടരുകയാണെന്നും ഷീജാമോള്‍ പറയുന്നു.
ഭാരതത്തെ അമ്മയായി കരുതി വന്ദിക്കുന്നത് വര്‍ഗീയതയാണെന്നാണ് സിപിഎം നിലപാട്. സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വം അംഗീകരിച്ച നിലപാടാണിത്. കോണ്‍ഗ്രസ് അവിശ്വാസത്തെ ഇന്‍ഡി സഖ്യകക്ഷിയെന്ന നിലയില്‍ പിന്തുണയ്‌ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമാണ് അംഗങ്ങളോട് നിര്‍ദേശിച്ചത്. മറ്റ് കാരണങ്ങളൊന്നുമില്ലെങ്കില്‍ ‘ഭാരത് മാതാ കീ ജയ്’ പരാമര്‍ശത്തെ പ്രധാന കാരണമാക്കണമെന്ന് നിര്‍ദേശിച്ചതും ജില്ലാ സെക്രട്ടറിയാണ്. ഡിസിസി പ്രസിഡന്റ് സതീശ് കൊച്ചുപറമ്പിലിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ നിലപാടാണെന്നാണ് സിപിഎം പറഞ്ഞിരുന്നത്. പക്ഷേ അവിശ്വാസം വന്നപ്പോള്‍ കോണ്‍ഗ്രസിനോട് യോജിച്ചു.
















