
ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. മഹാരാഷ്‌ട്രയിലെ കോലാപൂരിൽ നിന്നും കർണാടകയിലെ ധാർവാഡിലെത്തിയ ട്രെയിനിലാണ് സംഭവം. ഇന്നലെ രാവിലെ ട്രെയിൻ സ്റ്റേഷനിലെത്തിയ ശേഷം നടത്തിയ പതിവ് പരിശോധനകൾക്കിടയിലാണ് റെയിൽവേ ജീവനക്കാർ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ധാർവാഡ് റെയിൽവേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ യുവതികളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
രാത്രിയാത്രയ്‌ക്കിടെ തനിച്ചായ യുവതിയെ അപായപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാം. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രെയിനുള്ളിൽ ഉപേക്ഷിച്ചതാണോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ട്രെയിന്‍ പുറപ്പെട്ട സ്ഥലം മുതല്‍ എത്തിച്ചേര്‍ന്ന ധാര്‍വാഡ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതടക്കം സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.