തിരുവനന്തപുരം: കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് നാല് ഓവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സുമായി ടീമിന് വിജയമൊരുക്കിയ രോഹന്‍ കുന്നുമ്മലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – 20 ഓവറില്‍ 150/8 , കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് – 16 ഓവറില്‍ 151/2
മുന്‍നിര വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ മനുകൃഷ്ണന്റെയും സച്ചിന്‍ സുരേഷിന്റെയും പ്രകടനമാണ് കൊച്ചിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റിന് 42 റണ്‍സെന്ന നിലയിലായി കൊച്ചി. ക്യാപ്റ്റന്‍ സാലി സാംസനും (15) അധികം പിടിച്ചുനില്‍ക്കാനായില്ല. നാലാമനായി ബാറ്റ് ചെയ്യാനിറങ്ങിയ മനുകൃഷ്ണന്റെ ഇന്നിങ്‌സാണ് കൊച്ചിയെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിനായി രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹന്‍ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. 78 റണ്‍സെടുത്ത രോഹന്‍ വിജയത്തിന് തൊട്ടരികെയാണ് മടങ്ങിയത്. 39 പന്തുകളില്‍ നാല് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്.
















